ഇന്ത്യ സഖ്യ യോഗം തിങ്കളാഴ്ച, 23 പാർട്ടികൾ പങ്കെടുക്കും; കോൺഗ്രസിനെതിരെ കടുത്ത പ്രതിഷേധം അറിയിക്കുമെന്ന് സിപിഎമ്മും ജെഎംഎമ്മും; സ്റ്റാലിൻ ആ വഴിക്കില്ല

കോൺഗ്രസ് നേതൃത്വം വിളിച്ചുചേർത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണായക യോഗത്തിൽ 23 കക്ഷികൾ പങ്കെടുക്കുമെന്ന് എ.ഐ.സി.സി. വക്താവ് ജയറാം രമേശ് അറിയിച്ചു. ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടക്കുന്ന യോഗത്തിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും. യോഗത്തിൽ പങ്കെടുക്കാനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സഖ്യം ശക്തമായി പ്രതിഷേധിക്കുമെന്നും ചില പാർട്ടികൾ അസൗകര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ജയറാം രമേശ് വ്യക്തമാക്കി.

കോൺഗ്രസിന്റെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ കടുത്ത അതൃപ്തിയിലാണ് സഖ്യത്തിലെ മറ്റ് കക്ഷികൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉന്നയിച്ച ‘മോദി-പിണറായി ഡീൽ’ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ആസൂത്രിതമായിരുന്നുവെന്നാണ് സി.പി.എം. നിലപാട്. യോഗത്തിൽ ജനറൽ സെക്രട്ടറിയോ പി.ബി. അംഗങ്ങളോ പങ്കെടുക്കില്ലെങ്കിലും ജോൺ ബ്രിട്ടാസ് എം.പി. എത്തി ശക്തമായ പ്രതിഷേധം അറിയിക്കും. കൂടാതെ, ജാർഖണ്ഡിൽ രാജ്യസഭാ സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ജെ.എം.എമ്മും കോൺഗ്രസിനെതിരെ രംഗത്തെത്തും.

അതേസമയം, കോൺഗ്രസ് നയിക്കുന്ന ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി.എം.കെ. പ്രഖ്യാപിച്ചു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ അവരുടെ യോഗങ്ങളിൽ ഭാഗമാകില്ലെന്നുമാണ് എം.കെ. സ്റ്റാലിനും ഡി.എം.കെ.യും അറിയിച്ചിട്ടുള്ളത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ച സ്റ്റാലിന്റെ പിന്മാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയാണ്. എന്നാൽ, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ സഖ്യത്തിലെ മറ്റ് കക്ഷികൾക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയും ശബ്ദവും തുടർന്നും ഉണ്ടാകുമെന്നും ഡി.എം.കെ. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

INDIA Bloc to Meet Tomorrow; CPM and JMM to Protest Against Congress, DMK Decides to Boycott

More Stories from this section

family-dental
witywide