
പ്രതിപക്ഷത്തിനെതിരെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നടത്തുന്ന ‘ഛാത്രോം കീ ഗൂഞ്ച്’ പരിപാടിയെ പരിഹസിച്ചാണ് മോദി ‘ജൂട്ട് കീ ഗൂഞ്ച്’ (നുണകളുടെ മുഴക്കം) എന്ന പ്രയോഗം ആവർത്തിച്ചത്. ഗുജറാത്തിലെ വഡോദരയിൽ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് ‘നമോ ഫോർ വികസിത് ഭാരത്’ പരിപാടിയിൽ യുവാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നുണ പ്രചരിപ്പിച്ച് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ വഴിയിൽ കാണാമെന്നും എന്നാൽ രാജ്യത്തെ യുവാക്കൾ സത്യത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
വികസന നേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെ പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധ നിലപാടുകളെയും പ്രധാനമന്ത്രി പരിഹസിച്ചു. മുംബൈയിൽ നിന്ന് വഡോദരയിലേക്ക് രണ്ടുനില കണ്ടെയിനർ ട്രെയിൻ ഓടിച്ചതിലൂടെ 250-ലേറെ ട്രക്കുകൾ കൊണ്ടുപോകുന്ന ചരക്ക് ഒരൊറ്റ യാത്രയിൽ എത്തിക്കാനായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തിനുമേതിനും പരാതി പറയുന്ന ‘ദേഷ്യക്കാരനായ അമ്മാവൻ’ ഇനി ട്രക്ക് ഡ്രൈവർമാരുടെയും ഉടമകളുടെയും ഭാവി എന്താകുമെന്ന് ചോദിച്ച് എത്തും. വികസനം കാണുമ്പോൾ അമ്മാവന് പരാതി പറയാൻ മറ്റൊരു കാരണം കൂടി കിട്ടിയെന്നും മോദി പരിഹസിച്ചു.
സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതിയും ചടങ്ങിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി മികച്ച അധ്യാപകരെ ഉൾപ്പെടുത്തി സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്ന പരിപാടിക്ക് സർക്കാർ രൂപം നൽകുകയാണ്. നിർധന കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
PM Modi Attacks Opposition in Vadodara, Ridicules Rahul Gandhi Over ‘Jhoot Ki Goonj’









