കാനഡയിൽ വൻ വാഹനമോഷണം: അറസ്റ്റിലായവരിൽ ഇന്ത്യൻ വംശജരായ രണ്ടുപേരും; പിടിച്ചെടുത്തത് 31 ലക്ഷം ഡോളറിന്റെ വാഹനങ്ങൾ

ടൊറന്റോ: കാനഡയിൽ വാഹനമോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 12 പേരിൽ ഇന്ത്യൻ വംശജരായ രണ്ടുപേരും. 31 ലക്ഷം യുഎസ് ഡോളർ (ഏകദേശം 45 ലക്ഷം കനേഡിയൻ ഡോളർ) വിലമതിക്കുന്ന 96 മോഷ്ടിച്ച വാഹനങ്ങളാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. പീൽ റീജിയണൽ പൊലീസിന്റെ കൊമേഴ്‌സ്യൽ ഓട്ടോ ക്രൈം ബ്യൂറോയും കാനഡ ബോർഡർ സർവീസസ് ഏജൻസിയും സംയുക്തമായി മാർച്ചിൽ ആരംഭിച്ച ‘പ്രോജക്ട് കഡേറ്റ’യുടെ ഭാഗമായാണ് അറസ്റ്റ്.

ബ്രാംപ്ടണിലെ ഒരു ഗോഡൗൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മോഷ്ടിച്ച വാഹനങ്ങൾ ഷിപ്പിങ് കണ്ടെയ്‌നറുകളിൽ ഒളിപ്പിച്ച് കാനഡയിലെ തുറമുഖങ്ങൾ വഴി പശ്ചിമാഫ്രിക്കയിലേക്ക് കടത്താനുള്ള പ്രധാന കേന്ദ്രമായിരുന്നു ഇതെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഗ്രേറ്റർ ടൊറന്റോ മേഖലയിലാകെ വ്യാപിച്ചുകിടക്കുന്ന കുറ്റകൃത്യ ശൃംഖലയും അന്വേഷണത്തിൽ കണ്ടെത്തി. വാഹനങ്ങൾ മോഷ്ടിച്ച് കടത്തുന്നതിനും വിദേശത്തേക്ക് കയറ്റി അയക്കുന്നതിനും അഞ്ച് പ്രധാന പ്രതികളാണ് നേതൃത്വം നൽകിയിരുന്നതെന്നാണ് ആരോപണം.

കേസിൽ 231 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആഡംബര എസ്‌യുവികൾ, പിക്കപ്പ് ട്രക്കുകൾ തുടങ്ങി 96 വാഹനങ്ങളാണ് കണ്ടെയ്‌നറുകളിൽനിന്ന് കണ്ടെടുത്തത്. ബ്രാംപ്ടൺ സ്വദേശിയായ 26കാരൻ കരംവീർ സിങ്ങാണ് അറസ്റ്റിലായ ഇന്ത്യൻ വംശജരിൽ ഒരാൾ. കുറ്റകൃത്യത്തിലൂടെ ലഭിച്ച വസ്തുക്കൾ കൈവശംവെച്ചതിനും 5,000 കനേഡിയൻ ഡോളറിലധികം വിലയുള്ള മോഷ്ടിച്ച വസ്തുക്കൾ വിൽപന നടത്തിയതിനും ഇയാൾക്കെതിരെ നാല് വീതം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സ്ഥിരമായ താമസവിലാസമില്ലാത്ത 25കാരൻ ജസ്പ്രീത് സിങ്ങാണ് രണ്ടാമത്തെയാൾ. ഇയാൾക്കെതിരെ ഇതേ കുറ്റങ്ങളിൽ ഓരോന്നും ചുമത്തിയിട്ടുണ്ട്.

ക്രിമിനൽ നടപടികൾ പൂർത്തിയായശേഷം ചില പ്രതികൾക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കുടിയേറ്റ നിയമനടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സംഘടിത വാഹനമോഷണം കുടുംബങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും രാജ്യാന്തര കുറ്റകൃത്യ ശൃംഖലകൾക്ക് സാമ്പത്തിക സഹായം നൽകുന്നതുമായ കുറ്റകൃത്യമാണെന്ന് പീൽ റീജിയണൽ പൊലീസ് ഡെപ്യൂട്ടി ചീഫ് നിക്ക് മിലിനോവിച്ച് പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം കുറ്റകൃത്യ ശൃംഖലകൾക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ഒന്റാറിയോ സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്നറും വ്യക്തമാക്കി.

2 persons of Indian origin among those held over mega auto theft in Canada; recovery worth $3.1 million made

More Stories from this section

family-dental
witywide