
ന്യൂഡൽഹി: ലോകത്ത് സൈനിക ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് തുടരുന്നു. പ്രമുഖ സ്വീഡിഷ് തിങ്ക് ടാങ്കായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട 2025-ലെ കണക്കുകൾ പ്രകാരമാണിത്.
92.1 ബില്യൺ ഡോളറാണ് (ഏകദേശം 7.7 ലക്ഷം കോടി രൂപ) 2025-ൽ ഇന്ത്യ പ്രതിരോധ മേഖലയ്ക്കായി ചെലവിട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ സൈനിക ചെലവിൽ 8.9 ശതമാനത്തിൻ്റെ വർദ്ധനവുണ്ടായിട്ടുണ്ട്. അതിർത്തിയിലെ വെല്ലുവിളികളും പ്രതിരോധ മേഖലയുടെ ആധുനികവൽക്കരണവുമാണ് ഈ വർദ്ധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ. 2025 മെയ് മാസത്തിലുണ്ടായ പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനും അവിടുത്തെ ഭീകരകേന്ദ്രങ്ങൾക്കുമെതിരെ ഇന്ത്യ നടത്തിയ നടപടികൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് ഈ വർദ്ധനവ് ഉണ്ടായത്. അതിനുശേഷം ഡ്രോണുകൾ, ആന്റി-ഡ്രോൺ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് ആധുനിക സൈനിക പ്ലാറ്റ്‌ഫോമുകൾ എന്നിവയ്ക്കായി ഇന്ത്യ വലിയ തോതിലുള്ള സംഭരണ നടപടികൾ (procurement drive) ആരംഭിച്ചു. ഇതേ കാലയളവിലാണ് പാകിസ്ഥാൻ്റെ സൈനിക ചെലവും 11 ശതമാനം വർദ്ധിച്ച് 11.9 ബില്യൺ ഡോളറിലെത്തിയത്. പാകിസ്ഥാൻ 11.9 ബില്യൺ ഡോളർ ചെലവുമായി പട്ടികയിൽ 31-ാം സ്ഥാനത്താണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പാകിസ്ഥാൻ്റെ സൈനിക ചെലവിൽ 11 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ആഗോള തലത്തിൽ ഒന്നാമനായി അമേരിക്ക തുടരുന്നുണ്ട്. അമേരിക്ക 954 ബില്യൺ ഡോളറാണ് ചിലവഴിച്ചത്. രണ്ടാം സ്ഥാനത്തുള്ള ചൈന (336 ബില്യൺ ഡോളർ), മൂന്നാം സ്ഥാനത്തെ റഷ്യ (190 ബില്യൺ ഡോളർ), നാലാം സ്ഥാനത്തെ ജർമ്മനി (114 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് ആദ്യ അഞ്ചു രാജ്യങ്ങളുടെ ചിലവ്.
അതേസമയം, ലോകത്തെ ആകെ സൈനിക ചെലവ് 2.89 ട്രില്യൺ ഡോളറിലെത്തി റെക്കോർഡ് സൃഷ്ടിച്ചു. തുടർച്ചയായ പതിനൊന്നാം വർഷമാണ് ലോകരാജ്യങ്ങളുടെ സൈനിക ചെലവ് വർദ്ധിക്കുന്നത്. യൂറോപ്പിലെയും ഏഷ്യയിലെയും പ്രാദേശിക സംഘർഷങ്ങളും ആഗോള അസ്ഥിരതയുമാണ് രാജ്യങ്ങളെ പ്രതിരോധ ബജറ്റ് ഉയർത്താൻ പ്രേരിപ്പിക്കുന്നതെന്ന് സിപ്രി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ മൂന്ന് സൈനിക ചെലവഴിക്കുന്ന രാജ്യങ്ങളായ അമേരിക്ക, ചൈന, റഷ്യ എന്നിവർ ചേർന്ന് ആകെ 1,480 ബില്യൺ ഡോളർ ചെലവിട്ടതായും ഇത് ആഗോള സൈനിക ചെലവിന്റെ 51 ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. 2025-ൽ അമേരിക്കയുടെ സൈനിക ചെലവ് 954 ബില്യൺ ഡോളറായിരുന്നു, ഇത് 2024-നെ അപേക്ഷിച്ച് 7.5 ശതമാനം കുറവാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ആകെ 127 ബില്യൺ ഡോളറിൻ്റെ സൈനിക സഹായം യുക്രെയ്ന് നൽകിയതുപോലെ, ഈ വർഷം പുതിയ സാമ്പത്തിക സഹായങ്ങൾ അനുവദിക്കാത്തതാണ് ഈ കുറവിന് പ്രധാന കാരണമെന്ന് സിപ്രി വ്യക്തമാക്കി. അതേസമയം, പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ആധിപത്യം നിലനിർത്തുന്നതിനും ഇൻഡോ-പസഫിക് മേഖലയിൽ ചൈനയെ തടയുന്നതിനുമായി ആണവ-പരമ്പരാഗത സൈനിക ശേഷികൾ വർദ്ധിപ്പിക്കാൻ അമേരിക്ക നിക്ഷേപം കൂട്ടിയിട്ടുണ്ട്. പുതിയ ദേശീയ സുരക്ഷാ തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
India ranks fifth in global military expenditure; Pakistan ranks 31st, US tops SIPRI report














