
2027-ലെ ഓസ്‌കർ പുരസ്‌കാരങ്ങൾക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാഠി ചിത്രം ‘ഗോന്ധൽ’ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. സന്തോഷ് ദവഖാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം 99-ാമത് അക്കാദമി അവാർഡിലെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് മത്സരിക്കുക. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയാണ് ഈ മറാഠി ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
ഗ്രാമീണ മഹാരാഷ്ട്രയുടെ പശ്ചാത്തലത്തിൽ നവദമ്പതികൾക്കായി രാത്രിയിൽ നടക്കുന്ന പരമ്പരാഗത ആചാരത്തെയും കലാരൂപത്തെയും ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ മുന്നോട്ടുപോകുന്നത്. വിവാഹജീവിതത്തിൽ അടിച്ചമർത്തൽ നേരിടുന്ന സുമൻ എന്ന യുവതി മുൻ കാമുകനൊപ്പം രക്ഷപ്പെടാൻ ഒരു കൊലപാതകം ആസൂത്രണം ചെയ്യുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഇഷിത ദേശ്മുഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ കിഷോർ കദം, യോഗേഷ് സൊഹാനി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2025-ൽ ഗോവയിൽ നടന്ന 56-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം സന്തോഷ് ദവഖാർ സ്വന്തമാക്കിയിരുന്നു.
മലയാളത്തിൽ നിന്നുള്ള ‘ബാലൻ ദ ബോയ്’ ഉൾപ്പെടെ വിവിധ ഭാഷകളിൽ നിന്നുള്ള 33 ചിത്രങ്ങളിൽ നിന്നാണ് ‘ഗോന്ധൽ’ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് സെലക്ഷൻ കമ്മിറ്റി ചെയർപേഴ്‌സൺ പി. ശേഷാദ്രി അറിയിച്ചു. ‘അംഖ്’, ‘ഇക്കിസ്’ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിൽ ഗോന്ധലിനൊപ്പം ഉണ്ടായിരുന്നത്. ധുരന്ധർ, ധുരന്ധർ 2, ബോർഡർ 2, ഹനുമാൻ അൻഷ് തുടങ്ങിയ പ്രമുഖ സിനിമകളും ഓസ്‌കർ എൻട്രിക്കായുള്ള മത്സരരംഗത്തുണ്ടായിരുന്നു. 10 ദിവസം കൊണ്ട് 33 ചിത്രങ്ങൾ കണ്ട ശേഷമാണ് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ അന്തിമ തീരുമാനത്തിലെത്തിയത്.
Marathi Film Gondhal Chosen as India’s Official Entry for Oscars 2027











