എബോള പ്രതിരോധം; കെനിയയ്ക്ക് 4.5 ടൺ മെഡിക്കൽ സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: എബോള വൈറസ് രോഗത്തെയും ഭാവിയിലെ പകർച്ചവ്യാധികളെയും നേരിടാനുള്ള കെനിയയുടെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ 4.5 ടൺ മെഡിക്കൽ സഹായം കൈമാറി. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ആദർശ് സ്വൈകയാണ് നെയ്‌റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ആരോഗ്യ മന്ത്രി ഏഡൻ ഡുവാലെയ്ക്ക് ആദ്യഘട്ട സഹായം കൈമാറിയത്.

ആദ്യഘട്ടത്തിൽ 279 പാക്കേജുകളിലായി വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (PPE കിറ്റുകൾ), സാമ്പിൾ ശേഖരണ-ഗതാഗത കിറ്റുകൾ, ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ, ഫേസ് ഷീൽഡുകൾ, സംരക്ഷണ ബൂട്ടുകൾ, അണുബാധ നിയന്ത്രണത്തിനുള്ള മറ്റ് അവശ്യ സാമഗ്രികൾ എന്നിവയാണ് നൽകിയത്. രണ്ടാംഘട്ട മെഡിക്കൽ സഹായവും ഉടൻ കെനിയയിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യ അറിയിച്ചു.ഇത് താൽക്കാലിക സഹായമല്ലെന്നും, കെനിയയുടെ പൊതുജനാരോഗ്യ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ കരുത്തുറ്റതാക്കുകയാണ് ലക്ഷ്യമെന്നും നെയ്‌റോബിയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.

രോഗനിരീക്ഷണം, സാമ്പിളുകളുടെ സുരക്ഷിത ശേഖരണവും ഗതാഗതവും, അണുബാധ നിയന്ത്രണം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനും ഈ സഹായം ഉപയോഗിക്കും.മെയ് അവസാനവും ജൂൺ ആദ്യവും ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന് (Africa CDC) 45 ടണ്ണിലധികം മെഡിക്കൽ സാമഗ്രികൾ ഇന്ത്യ നൽകിയിരുന്നു. ആഫ്രിക്കയിലെ പൊതുജനാരോഗ്യ സുരക്ഷ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സഹായമെന്നും ഹൈക്കമ്മിഷൻ അറിയിച്ചു. കോവിഡ്-19 മഹാമാരിക്കാലത്ത് ‘വാക്സിൻ മൈത്രി’ പദ്ധതിയുടെ ഭാഗമായി കെനിയയ്ക്ക് 11.2 ലക്ഷം ഇന്ത്യൻ നിർമിത വാക്സിൻ ഡോസുകളും ഇന്ത്യ നൽകിയിരുന്നു. കൂടാതെ മരുന്നുകളും മറ്റ് മെഡിക്കൽ സഹായങ്ങളും എത്തിച്ചിരുന്നു.

അടിയന്തര സഹായങ്ങൾക്ക് പുറമെ, കാൻസർ ചികിത്സ മെച്ചപ്പെടുത്തുന്നതിനായി കെനിയാറ്റ നാഷണൽ ആശുപത്രിക്ക് ഭാഭാട്രോൺ റേഡിയോതെറാപ്പി യന്ത്രവും മൊംബാസയിലെ കെനിയ നാവിക ആശുപത്രിക്ക് സി.ടി. സ്കാൻ യന്ത്രവും (എം.ആർ.ഐ. യന്ത്രം നടപടിക്രമത്തിലുമാണ്) ഇന്ത്യ സൗജന്യമായി നൽകിയിട്ടുണ്ട്. പ്രതിവർഷം 10,000-ത്തിലധികം കെനിയക്കാർ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നുണ്ടെന്നും, കെനിയയിലെ ഔഷധ വിപണിയുടെ 50 ശതമാനത്തിലധികം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണെന്നും ഇന്ത്യൻ ഹൈക്കമ്മിഷൻ വ്യക്തമാക്കി.

ആരോഗ്യരംഗത്ത് ഇന്ത്യയും കെനിയയും വർഷങ്ങളായി ശക്തമായ സഹകരണം തുടരുകയാണ്. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യൽ, ആരോഗ്യപ്രവർത്തകർക്ക് പരിശീലനം, ആരോഗ്യസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം, കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ എന്നിവ ഉൾപ്പെടുന്നതാണ് ഈ പങ്കാളിത്തം. ആഫ്രിക്കൻ രാജ്യങ്ങളുടെ ആരോഗ്യസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ മെഡിക്കൽ സഹായവും നൽകിയിരിക്കുന്നത്.

India sends medical assistance to Kenya to strengthen preparedness for Ebola

More Stories from this section

family-dental
witywide