ഫ്ലോറിഡയിൽ 34 ലക്ഷം രൂപയുടെ ആഡംബര വസ്ത്രങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ; കുറ്റസമ്മതത്തിന് പിന്നാലെ ജാമ്യം

മയാമി: ഫ്ലോറിഡയിലെ ആഡംബര ഡിസൈനർ വസ്ത്രക്കടയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്ത്രങ്ങൾ മോഷ്ടിച്ച ഇന്ത്യൻ വംശജനായ യുവാവ് പിടിയിലായി. ഫ്ലോറിഡയിലെ ബോയിൻ്റൺ ബീച്ച് സ്വദേശിയായ ധീർ പട്ടേൽ (22) എന്ന യുവാവാണ് മയാമി പൊലീസിൻ്റെ പിടിയിലായത്. 41,550 ഡോളർ (ഏകദേശം 34.8 ലക്ഷം ഇന്ത്യൻ രൂപ) വിലവരുന്ന വസ്ത്രങ്ങളാണ് ഇയാൾ കടയിൽ നിന്ന് കവർന്നത്. അറസ്റ്റിലായ ശേഷം കുറ്റസമ്മതം നടത്തിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

മയാമിയിലെ പ്രശസ്തമായ വൈൻവുഡ് പ്രദേശത്തെ ഡിസൈനർ വസ്ത്രക്കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാർച്ച് 30 മുതൽ ജൂൺ പകുതി വരെയുള്ള കാലയളവിൽ ഇയാൾ പലതവണ ഈ കട സന്ദർശിച്ചിരുന്നു. പഴയ സാധനങ്ങൾ വിൽക്കാനെന്ന വ്യാജേന കടയിലെത്തുന്ന ഇയാൾ, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് വിലകൂടിയ ഡിസൈനർ വസ്ത്രങ്ങൾ തൻ്റെ വലിയ ബാഗിൽ ഒളിപ്പിച്ച് കടന്നുകളയുകയായിരുന്നു പതിവ്.

തുടർച്ചയായി വസ്ത്രങ്ങൾ കാണാതായതോടെ കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ധീർ പട്ടേലിൻ്റെ മോഷണവിവരം പുറത്തുവന്നത്. തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം വീണ്ടും ഇതേ കടയിൽ സാധനങ്ങൾ വിൽക്കാനായി എത്തിയപ്പോഴാണ് പൊലീസ് സംഘം ഇയാളെ ഒളിച്ചിരുന്ന് പിടികൂടിയത്.

ചോദ്യം ചെയ്യലിൽ താൻ വസ്ത്രങ്ങൾ മോഷ്ടിച്ചതായും അവ പിന്നീട് വിറ്റതായും ധീർ പട്ടേൽ പൊലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ ഗുരുതരമായ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 5,000 ഡോളറിൻ്റെ ബോണ്ട് തുക ഈടുവെച്ച് താൽക്കാലികമായി ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, പ്രതി കടയിൽ നിന്ന് 55,000 ഡോളറിലധികം വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് കടയുടമ അവകാശപ്പെടുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Indian-origin man arrested for stealing luxury clothes worth Rs 34 lakh in Florida; granted bail after confessing

More Stories from this section

family-dental
witywide