
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുള്ള അലാച്ചുവ കൗണ്ടി ഷെരീഫ് ഓഫീസ് ജയിലിൽ തടവിലായിരുന്ന ഇന്ത്യൻ വംശജനെ മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ചിന്തൻ ഷാ (40) ആണ് മരിച്ചത്. ഓഗസ്റ്റ് 13-ന് പുലർച്ചെയായിരുന്നു സംഭവം.
രാവിലെയുള്ള പതിവ് സെൽ പരിശോധനയ്ക്കിടെ 7:23-നാണ് ചിന്തനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ജയിലിലെ പ്രത്യേക സെല്ലിൽ തനിച്ചായിരുന്ന ഇദ്ദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അടിയന്തര സന്ദേശം (കോഡ് ബ്ലൂ) നൽകുകയും സിപിആർ, ഡീഫിബ്രിലേറ്റർ എന്നിവ ഉപയോഗിച്ച് ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു.
തുടർന്ന് 7:31-ഓടെ എമർജൻസി മെഡിക്കൽ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തുവെങ്കിലും ഫലമുണ്ടായില്ല. 7:42-ന് അദ്ദേഹം മരിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു.
മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ജയിലിലെത്തിയിട്ടുണ്ട്. ജയിലിനുള്ളിൽ നടക്കുന്ന മരണങ്ങളിൽ ഇത്തരം അന്വേഷണങ്ങൾ സാധാരണ നടപടിക്രമമാണ്. ഇതിനൊപ്പം ഓഫീസ് ഓഫ് പ്രൊഫഷണൽ സ്റ്റാൻഡേർഡ്സിൻ്റെ ആഭ്യന്തര അന്വേഷണവും നടക്കും. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൃത്യമായ വിവരങ്ങൾ ലഭ്യമാകൂ എന്നും അധികൃതർ അറിയിച്ചു. ചിന്തൻ ഷായുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.
Indian-origin man found dead under mysterious circumstances in Florida prison; investigation announced














