
ന്യൂയോർക്ക്: സെൻട്രൽ പാർക്കിൽ കുതിരവണ്ടി മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ ഇന്ത്യൻ കൗമാരക്കാരൻ മരിച്ചതിനെത്തുടർന്ന്, നഗരത്തിലെ കുതിരവണ്ടി സർവീസുകൾ എന്നെന്നേക്കുമായി നിരോധിക്കാനുള്ള നീക്കവുമായി ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മാംദാനി. ഇന്ത്യയിൽ നിന്നുള്ള 18 വയസുകാരൻ രോമാഞ്ച് മഹാജൻ ആണ് അപകടത്തിൽ മരിച്ചത്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയതിൻ്റെ ആഘോഷ ഭാഗമായി കുടുംബത്തോടൊപ്പം ന്യൂയോർക്കിൽ എത്തിയതായിരുന്നു രോമാഞ്ച്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന കുതിരവണ്ടി മറ്റൊരു വണ്ടിയിലിടിച്ച് മറിയുകയായിരുന്നു. വണ്ടിയിൽ നിന്ന് ആദ്യം പുറത്തേക്ക് വീണ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രോമാഞ്ച് നിലത്തു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണമടഞ്ഞത്. പിതാവും സഹോദരനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജയ്‌പൂരിലെ സർവകലാശാലയിൽ രോമാഞ്ചിന് പ്രവേശനം ലഭിച്ച വിവരം അറിഞ്ഞ അതേ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്.
സെൻട്രൽ പാർക്കിൽ കുതിരവണ്ടികൾ ആരംഭിച്ച് 150 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു മനുഷ്യൻ അപകടത്തിൽ മരിക്കുന്നത്. എന്നാൽ കഴിഞ്ഞ 13 മാസത്തിനിടെ ഇവിടെ എട്ടോളം കുതിര അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജനത്തിരക്കേറിയ നഗരങ്ങളിൽ കുതിരവണ്ടികൾ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ഷിക്കാഗോ, സാൻ അൻ്റോണിയോ തുടങ്ങിയ യു.എസ് നഗരങ്ങൾ ഇവ നേരത്തെ തന്നെ നിരോധിച്ചിരുന്നു.
അപകടത്തെത്തുടർന്ന് നിലവിലെ കുതിരവണ്ടി കമ്പനി ഡ്രൈവറെ സസ്‌പെൻഡ് ചെയ്യുകയും വലിച്ച് കൊണ്ടുപോയ കുതിരയെ സർവീസിൽ നിന്ന് മാറ്റുകയും ചെയ്തു. തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കിക്കൊണ്ട് കുതിരവണ്ടി വ്യവസായം പൂർണ്ണമായും നിർത്തലാക്കാനാണ് മേയർ സോഹ്‌റാൻ മാംദാനി ലക്ഷ്യമിടുന്നത്. ഇതിനായി സിറ്റി കൗൺസിലുമായി ചേർന്ന് അടുത്ത മാസം പ്രത്യേക ഹിയറിംഗ് നടത്തും.
അതേസമയം, കുതിരവണ്ടികൾ പൂർണ്ണമായി നിരോധിക്കുന്നതിന് പകരം വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കുന്ന സ്ഥലങ്ങളിൽ കുതിരകളെ സുരക്ഷിതമായി കെട്ടിയിടാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി കുതിരവണ്ടി തൊഴിലാളി യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്.
Indian student dies in Central Park horse-drawn carriage accident; Sohran Mandani calls for horse-drawn carriages to be banned in New York















