
അരിസോണ: അമേരിക്കയിലെ വിഖ്യാത വിനോദസഞ്ചാര കേന്ദ്രമായ ഗ്രാൻഡ് കാന്യോൺ നാഷണൽ പാർക്കിൽ കാണാതായ ഇന്ത്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരനായ സന്ദർഷ് കൃഷ്ണയുടെ മൃതദേഹമാണ് 10 ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. എന്നാൽ മരണകാരണം സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച സൗത്ത് റിം മേഖലയിലെ വെർകാംപ്‌സ് വിസിറ്റർ സെൻ്ററിന് താഴെയായാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കൊക്കോനിനോ കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഇത് ഏപ്രിൽ 28 മുതൽ കാണാതായ സന്ദർഷ് ആണെന്ന് സ്ഥിരീകരിച്ചത്.
ഏപ്രിൽ 27 വൈകുന്നേരത്തിനും അർദ്ധരാത്രിക്കും ഇടയിലാണ് സന്ദർഷിനെ അവസാനമായി പാർക്കിൽ കണ്ടത്. ബ്രൈറ്റ് ഏഞ്ചൽ ലോഡ്ജിനും മോഹാവെ പോയിൻ്റിനും ഇടയിലുള്ള ഭാഗത്ത് ഇദ്ദേഹം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ഏപ്രിൽ 28-ന് രാവിലെ സന്ദർഷിൻ്റേതെന്ന് കരുതുന്ന ഒരു ബാഗ് ബ്രൈറ്റ് ഏഞ്ചൽ ലോഡ്ജിലെ ജീവനക്കാർക്ക് ആരോ കൈമാറിയിരുന്നു. ഈ ബാഗ് നൽകിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സന്ദർഷ് ടാക്സിയിലോ റൈഡ് ഷെയറിങ് വാഹനത്തിലോ ആണ് പാർക്കിൽ എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സന്ദർഷ് സ്വയം ജീവനൊടുക്കാൻ സാധ്യതയില്ലെന്ന് സഹോദരൻ ആദർശ് കൃഷ്ണ പ്രതികരിച്ചു. ഏപ്രിൽ 28-ന് മടങ്ങിയെത്തുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും മരണത്തിൽ വ്യക്തമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ നാഷണൽ പാർക്ക് സർവീസും മെഡിക്കൽ എക്സാമിനർ ഓഫീസും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.
Indian youth missing in US found dead, police searching for person who handed over bag














