
ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ചില വ്യവസായ പ്രമുഖർ (ഒലിഗാർക്കുകൾ) ചേർന്ന് തടസ്സപ്പെടുത്തുകയാണെന്ന അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ അവകാശവാദം തള്ളി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം. ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഉൾപ്പെടെയുള്ള എല്ലാ ടെലികോം സേവനങ്ങൾക്കും നീതിപൂർവ്വവും വിവേചനരഹിതവുമായ ലൈസൻസിംഗ് സംവിധാനമാണ് നിലവിലുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സാറ്റലൈറ്റ് വഴി മൊബൈൽ സേവനങ്ങൾ നൽകുന്നതിനായി സ്റ്റാർലിങ്ക് ഉൾപ്പെടെ മൂന്ന് കമ്പനികൾക്കാണ് ഇന്ത്യ നിലവിൽ ലൈസൻസ് നൽകിയിട്ടുള്ളത്. ഭാരതി എയർടെല്ലിന്റെ പിന്തുണയുള്ള ‘യൂട്ടൽസാറ്റ് വൺവെബ്’, ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഉപകമ്പനിയായ ‘ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്’ എന്നിവയാണ് മറ്റ് രണ്ട് കമ്പനികൾ. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ലിയോയും ലൈസൻസിനായുള്ള മത്സരരംഗത്തുണ്ട്.
ഉപഭോക്താക്കളുടെയും അവരുടെ ഡാറ്റയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ലൈസൻസ് ലഭിച്ച എല്ലാ കമ്പനികളും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. നിലവിൽ ലൈസൻസ് ലഭിച്ച മൂന്ന് കമ്പനികളുടെയും സുരക്ഷാ വിലയിരുത്തലുകൾ നടന്നു വരികയാണ്. ഈ പ്രക്രിയ പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ കമ്പനികൾക്ക് സ്പെക്ട്രം അനുവദിക്കുന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. നിലവിൽ ഈ മൂന്ന് കമ്പനികളും ഒരേ നിയന്ത്രണ ഘട്ടത്തിലാണെന്നും ഒരു കമ്പനിയോടും വിവേചനം കാണിക്കുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ചില കുത്തകകൾ തങ്ങളുടെ വിപണി മേധാവിത്വം നിലനിർത്താൻ സ്റ്റാർലിങ്കിനെ തടയുകയാണെന്നും ഇത് ഇന്ത്യൻ ജനതയോടുള്ള അനീതിയാണെന്നും മസ്ക് തന്റെ ‘എക്സ്’ അക്കൗണ്ടിലൂടെ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്ക് മറുപടിയുമായി മന്ത്രാലയം രംഗത്തെത്തിയത്.
അതേസമയം, ഇന്ത്യയിലെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റ് നിബന്ധനകളും പൂർണ്ണമായി പാലിച്ചുകൊണ്ട് സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കാൻ കമ്പനി സജ്ജമാണെന്ന് സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ബിസിനസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ലോറൻ ഡ്രെയർ ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യയ്ക്കുള്ളിൽ തന്നെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും, നൂറുകണക്കിന് ആന്റിനകൾ അടങ്ങുന്ന 20 ഗേറ്റ്‌വേ സൈറ്റുകൾ ഇതിനോടകം ഇന്ത്യയിൽ സ്ഥാപിച്ച് കഴിഞ്ഞതായും അവർ അറിയിച്ചു. ലൈസൻസ് ലഭിച്ച് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും സ്റ്റാർലിങ്കിന് സേവനം തുടങ്ങാനുള്ള അന്തിമ അനുമതി ലഭ്യമായിട്ടില്ല.
India’s response to Musk: ‘Starlink has not been blocked; the policy applies equally to everyone.’















