
വാഷിംഗ്ടൺ: യുഎസ് മിലിട്ടറി അക്കാദമിയായ വെസ്റ്റ് പോയിന്റ്, അനാപൊളിസിലെ നേവൽ അക്കാദമി ഉൾപ്പെടെയുള്ള രാജ്യത്തെ മുൻനിര സൈനിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സിവിലിയൻ അധ്യാപകർക്ക് ഇനിമുതൽ സ്ഥിരനിയമനം നൽകുന്നത് ഉടനടി തടയാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉത്തരവിട്ടു. സൈനിക ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച അദ്ദേഹം പ്രത്യേക മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചത്.
അധ്യാപകരുടെ സ്ഥിരനിയമനം പലപ്പോഴും വിദ്യാഭ്യാസ നിലവാരത്തിലെ മന്ദതയ്ക്കും സ്ഥാപനങ്ങളുടെ നവീകരണത്തെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്ന് ഹെഗ്സെത് ചൂണ്ടിക്കാട്ടി. പോരാളികളെ പരിശീലിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിൽ നിന്ന് സിവിലിയൻ അധ്യാപകരുടെ ഗവേഷണ മുൻഗണനകളിലേക്ക് പാഠ്യപദ്ധതി വഴിമാറാൻ ഇത് ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സൈനിക അക്കാദമികളിലെ സിവിലിയൻ സ്വാധീനം കുറയ്ക്കാനും സൈന്യത്തിന്റെ പോരാട്ടവീര്യം വർദ്ധിപ്പിക്കാനുമാണ് പുതിയ നീക്കമെന്ന് പെന്റഗൺ വക്താക്കൾ വ്യക്തമാക്കി.
വെസ്റ്റ് പോയിന്റിലെ അധ്യാപകരിൽ 25 ശതമാനത്തോളവും നാവൽ അക്കാദമിയിൽ പകുതിയോളവും സിവിലിയൻ പ്രൊഫസർമാരാണ്. ദശാബ്ദങ്ങളായി തുടരുന്ന ഈ രീതി സമർത്ഥരായ അധ്യാപകരെ ആകർഷിക്കാൻ സഹായിച്ചിരുന്നുവെന്ന് അക്കാദമി അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു. എന്നാൽ വാഷിംഗ്ടണിൽ അധികാരമേറ്റെടുത്തതിന് പിന്നാലെ വൈവിധ്യവൽക്കരണ ബോധവൽക്കരണങ്ങൾ തടയുകയും ഹാർവാർഡ്, പ്രിൻസ്റ്റൺ തുടങ്ങിയ മുൻനിര സർവ്വകലാശാലകളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്ത ഹെഗ്സെതിന്റെ പുതിയ തീരുമാനം സൈനിക വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിവെക്കും.














