ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കം: രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി നിർമ്മല സീതാരാമൻ, എല്ലാത്തിനെയും രാഷ്ട്രീയവത്കരിക്കുന്നത് നിർത്തൂ

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കത്തിൽ, ഇന്ത്യയിലെ വ്യവസായം മോദിയുടെയും ഷായുടെയും കളിപ്പാട്ടമല്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിൽ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുൽ, സകല വിഷയത്തെയും രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വ്യവസായ-നിയമ വിഷയങ്ങളെ ലാഘവത്തോടെ ക്രിമിനൽ വിഷയങ്ങളെന്ന് മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ നിർമലാ സീതാരാമൻ പറഞ്ഞു.

ഇന്ത്യൻ വ്യവസായ മേഖലയുടെയും നമ്മുടെ സംരംഭകരുടെയും വിജയങ്ങളെ താങ്കൾ ആവർത്തിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോൾ, അവിശ്വാസവും വിഷലിപ്‌തമായ അന്തരീക്ഷവും പരത്താൻ താങ്കളോടൊപ്പം ചേരാൻ നമ്മുടെ വ്യവസായ പ്രമുഖരെ പ്രേരിപ്പിക്കാനാണോ താങ്കൾ ശ്രമിക്കുന്നത്. പതിറ്റാണ്ടുകളോളം, നിങ്ങളുടെ പാർട്ടി കടുത്ത നിയന്ത്രണങ്ങൾ നിറഞ്ഞ ‘ലൈസൻസ്-ക്വാട്ടാ രാജ്’ എന്ന രീതിക്കുകീഴിൽ ഇന്ത്യൻ സംരംഭകരുടെ സംരംഭ മനോഭാവത്തെ അടിച്ചമർത്തുകയും കോടിക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്‌തുവെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഞങ്ങളുടെ സർക്കാർ, ഇന്ത്യൻ വ്യവസായ മേഖലയെ തൊഴിലവസരങ്ങൾ സൃഷ്ട‌ിക്കുന്നവരായും സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയായുമായാണ് പരിഗണിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും വ്യവസായ മേഖലയെ പിന്തുണയ്ക്കാനും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഞങ്ങളുടെ നയങ്ങൾ രൂപവത്കരിച്ചിട്ടുള്ളത്.രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ, സർക്കാരുകൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നമ്മുടെ വ്യവസായ മേഖലയെ പിന്തുണയ്ക്കാനും കർഷകരെ ശാക്തീകരിക്കാനും യുവജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും തുല്യമായ ഉത്തരവാദിത്വമുണ്ട്.

അതുകൊണ്ടുതന്നെ താങ്കളുടെ സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം, ക്രിയാത്മകമായ ചർച്ചകളിൽ ഏർപ്പെടേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും നീതി ഉറപ്പുനൽകുന്നു. ആ നീതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമാണ് നമ്മുടെ കോടതികളിൽ നിക്ഷിപ്തമായിരിക്കുന്നത്. എന്നാൽ, താങ്കളും താങ്കളുടെ പാർട്ടിയും താങ്കളുടെ പാർട്ടിയുടെ പ്രധാനമന്ത്രിമാരും നീതിന്യായ വ്യവസ്ഥയെ എത്ര മോശമായ രീതിയിലാണ് അപമാനിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ് എന്നും നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.

Internal dispute within the Tata Group: Nirmala Sitharaman responds to Rahul Gandhi’s criticism—stop politicizing everything.

More Stories from this section

family-dental
witywide