
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്താക്കുകയാണെങ്കിൽ വെറും 30 സെക്കൻഡുകൊണ്ട് തങ്ങളുടെ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ വ്യാപാരികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. മെട്രോ സർവീസുകൾ നിർത്തിവെച്ചും റോഡുകൾ അടച്ചുകെട്ടിയും ഡൽഹിയിൽ ഗതാഗത തടസ്സവും കച്ചവട പ്രതിസന്ധിയും സൃഷ്ടിക്കുന്നത് സർക്കാരാണെന്നും പ്രതിപക്ഷം എപ്പോഴും വ്യാപാരികൾക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
നവംബർ ഒന്നിന് ഇന്ത്യ മുന്നണി നടത്താൻ നിശ്ചയിച്ചിരുന്ന മഹാറാലിക്കെതിരെ ഡൽഹിയിലെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. മഹാറാലിയും അനുബന്ധ സമരങ്ങളും അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് ഡൽഹിയിലെ വ്യാപാരി സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി രാഹുൽ ഗാന്ധിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. വോട്ടുചോരി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി ഡൽഹി രാംലീല മൈതാനിയിലാണ് പ്രതിപക്ഷ സഖ്യം റാലി പ്രഖ്യാപിച്ചിരുന്നത്. വ്യാപാരികളുടെ അപേക്ഷ മാനിച്ചു സമരം മാറ്റിവെക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.
ദീപാവലി ഉത്സവ സീസണിൽ സമരങ്ങളും റാലികളും തുടർച്ചയായി നടക്കുന്നത് കച്ചവടത്തെ സാരമായി ബാധിക്കുമെന്നും ഡൽഹിയിലെ വ്യാപാരികൾക്ക് 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സി.ടി.ഐ ചെയർമാൻ ബ്രിജേഷ് ഗോയൽ മുന്നറിയിപ്പ് നൽകി. ഒക്ടോബറിൽ മാത്രം വിവിധ പ്രക്ഷോഭങ്ങൾ കാരണം 3,000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് വ്യാപാരികൾ നേരിട്ടത്. രാംലീല മൈതാനത്തിന് ചുറ്റുമുള്ള പ്രധാന വിപണികളിൽ ഗതാഗത നിയന്ത്രണവും ബാരിക്കേഡുകളും ഏർപ്പെടുത്തുന്നത് വ്യാപാരം പൂർണ്ണമായും സ്തംഭിപ്പിക്കുമെന്നും നവംബർ 10 വരെയെങ്കിലും പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.
വ്യാപാരികളുടെ ആശങ്ക ന്യായമാണെന്നും വിഷയം സഖ്യകക്ഷികളുമായി ചർച്ച ചെയ്ത് റാലി മാറ്റിവെക്കുന്നതിൽ ഉടൻ തീരുമാനമെടുക്കുമെന്നും മല്ലികാർജുൻ ഖർഗെ അറിയിച്ചു. വോട്ട് ചെയ്യാനുള്ള ജനാധിപത്യ അവകാശം സംരക്ഷിക്കപ്പെട്ടില്ലെങ്കിൽ വ്യാപാരികൾക്കോ വിദ്യാർത്ഥികൾക്കോ രാജ്യത്ത് നിലനിൽപ്പില്ലെന്നും വോട്ടുചോരി വലിയ വിപത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എങ്കിലും പൊതുജനങ്ങളുടെയും വ്യാപാരികളുടെയും താൽപ്പര്യം മുൻനിർത്തി പ്രതിഷേധ തീയതികളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് പ്രതിപക്ഷ നേതൃത്വം വ്യക്തമാക്കി.
Dismiss Gyanesh Kumar to End Protest in 30 Seconds, Says Rahul; INDIA Alliance May Postpone Nov 1 Rally















