കർണാടക എംഎൽസി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി, 4 സീറ്റിലും എൻഡിഎ; ‘ബാലറ്റിലായാലും രാഹുൽ ഗാന്ധി വട്ടപൂജ്യം’, പരിഹാസവുമായി ബിജെപിയും മോദിയും

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ (എം.എൽ.സി.) തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പുനടന്ന നാലു സീറ്റുകളിലും വിജയം നേടി എൻ.ഡി.എ. സഖ്യം മേൽക്കോയ്മ നേടി. ബി.ജെ.പി. മൂന്ന് സീറ്റുകളിലും സഖ്യകക്ഷിയായ ജനതാദൾ (സെക്കുലർ) ഒരു സീറ്റിലുമാണ് ജയിച്ചുകയറിയത്. ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലം ഉൾപ്പെടെയുള്ള സിറ്റിങ് സീറ്റും കോൺഗ്രസിന് നഷ്ടമായി. അഞ്ചുതവണ എം.എൽ.സി.യായിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് പുട്ടണ്ണയെ 908 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ജെ.ഡി.എസിലെ എ.പി. രംഗനാഥ് ഇവിടെ അട്ടിമറി വിജയം നേടി.

മറ്റു മണ്ഡലങ്ങളിലും എൻ.ഡി.എ. വ്യക്തമായ ആധിപത്യം പുലർത്തി. വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബി.ജെ.പിയുടെ എസ്.വി. ശങ്കന്നൂർ 4,277 വോട്ടുകൾക്ക് കോൺഗ്രസിലെ മോഹൻ ലിംബികായിയെ പരാജയപ്പെടുത്തി. നോർത്ത്-ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ശരണപ്പ മറ്റൂറിനെ തോൽപ്പിച്ച് ബി.ജെ.പിയുടെ ശശിൽ ജി. നമോഷി വിജയം കൈവരിച്ചു. ഒക്ടോബർ 23-നായിരുന്നു നാല് മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടന്നത്.

നാല് സീറ്റുകളിലും പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി ബി.ജെ.പി. രംഗത്തെത്തി. പേപ്പർ ബാലറ്റായാലും ഇ.വി.എം. ആയാലും രാഹുൽ ഗാന്ധിയും കോൺഗ്രസും വട്ടപ്പൂജ്യമാണെന്നും രാഹുൽ ഗാന്ധി വലിയൊരു പരാജയമാണെന്നും ബി.ജെ.പി. നേതാവ് സുധാംശു ത്രിവേദി വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ വിദേശപര്യടനങ്ങൾ നടത്താതെ കഠിനാധ്വാനം ചെയ്യണമെന്നും, ‘മടിപിടിച്ചിരിക്കുന്ന സ്വഭാവം ഉപേക്ഷിച്ചാൽ വോട്ട് മോഷണമെന്ന മുദ്രാവാക്യം താനേ നിലയ്ക്കുമെന്നും’ അദ്ദേഹം തുറന്നടിച്ചു.

വോട്ടിങ്ങിനായി പേപ്പർ ബാലറ്റുകളാണ് ഉപയോഗിച്ചിരുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടി ഇ.വി.എമ്മിനെതിരെയുള്ള കോൺഗ്രസിന്റെ വാദങ്ങളെ ബി.ജെ.പി. ചോദ്യംചെയ്തു. പേപ്പർ ബാലറ്റിൽ നടന്ന മത്സരത്തിലെ പരാജയം ഇ.വി.എം. അട്ടിമറിയെന്ന കോൺഗ്രസിന്റെ ആരോപണങ്ങളുടെ മുനയൊടിച്ചതായി ബി.ജെ.പി. ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. പേപ്പർ ബാലറ്റിലൂടെ നടന്ന 28 എം.എൽ.സി. തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് ഒറ്റ സീറ്റ് പോലും നേടാനായില്ലെന്ന് അദ്ദേഹം ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തി. ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ എത്രയെണ്ണം കോൺഗ്രസ് നേടിയെന്ന് ഊഹിക്കൂ എന്ന് ചോദ്യമുന്നയിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. കോൺഗ്രസ് ഒറ്റ സീറ്റിൽ പോലും ജയിക്കാതിരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഈ പരാമർശം നടത്തിയത്.

Blow for Congress in Karnataka MLC Polls: NDA Sweeps All 4 Seats; BJP & PM Mock Rahul Gandhi Over Paper Ballot Defeat

More Stories from this section

family-dental
witywide