അമേരിക്കയുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പാകിസ്ഥാനിൽ; ഇറാന്റെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാർ ഫോണിൽ സംസാരിച്ചു

ടെഹ്‌റാൻ/ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക സംഘർഷം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഇറാന്റെയും പാകിസ്ഥാന്റെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ഫോണിൽ സംസാരിച്ചു. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും പാകിസ്ഥാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാറും തമ്മിലാണ് മേഖലയിലെ പുതിയ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച നടത്തിയത്. തസ്നീം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാൻ-അമേരിക്ക സംഘർഷം, പ്രാദേശിക സുരക്ഷ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എന്നിവ ഇരുവരും വിശദമായി വിലയിരുത്തി.തിങ്കളാഴ്ച പാകിസ്ഥാനിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ നടക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഫോൺ സംഭാഷണമെന്നത് ശ്രദ്ധേയമാണ്.

അമേരിക്കൻ പ്രതിനിധി സംഘം ചർച്ചകൾക്കായി ഇസ്ലാമാബാദിലെത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. മധ്യസ്ഥ രാജ്യമായ പാകിസ്ഥാനിൽ വെച്ച് നടക്കുന്ന ഈ ചർച്ചകൾ യുദ്ധം അവസാനിപ്പിക്കുന്നതിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.മേഖലയിലെ അസ്ഥിരത ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നയതന്ത്ര നീക്കങ്ങളിൽ പാകിസ്ഥാൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ഇറാനെതിരെയുള്ള അമേരിക്കൻ-ഇസ്രായേൽ നീക്കങ്ങളും അത് പശ്ചിമേഷ്യയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്തു. വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, പാകിസ്ഥാനിൽ നടക്കുന്ന ഈ ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ നാളെ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾ അതീവ പ്രാധാന്യമർഹിക്കുന്നു.

More Stories from this section

family-dental
witywide