
പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരനെന്നു പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. മലമ്പുഴ ജയിലില്‍ കഴിയുന്ന ചെന്താമരയെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതിയില്‍ നിന്നുള്ള വ്യക്തിയാണ് പ്രതി. തന്നെ തൂക്കിക്കൊല്ലാന്‍ വിധിച്ചോളു എന്ന പരാമര്‍ശം പ്രതി നടത്തി.പോത്തുണ്ടിയിലെ തിരുത്തംപാടം ബോയന്‍ ഉന്നതിയിലെ സുധാകരനേയും അമ്മ ലക്ഷ്മിയെയും കൊടുവാള്‍ കൊണ്ട് വെട്ടിക്കൊല പ്പെടുത്തുക ആയിരുന്നു.
ചെന്താമരക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റന്നാളാകും ശിക്ഷാവിധി പ്രഖ്യാപിക്കുക,
മുന്‍പ് സുധാകരന്റെ ഭാര്യ സജിത( 35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതേ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ പ്രതി അനുഭവിച്ചു വരികയാണ്. ഈ കേസില്‍ ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണു പ്രതി കുടുംബത്തിലെ മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്തിയത്.
ആദ്യ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ വിധി പറയാനായി കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.











