
വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ അന്താരാഷ്ട്ര വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാൻ്റെ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കപ്പലുകൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച രണ്ട് ‘വൺ-വേ അറ്റാക്ക് ഡ്രോണുകളാണ്’ തകർത്തതെന്ന് യു.എസ് പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഡ്രോണുകൾ ഗുരുതരമായ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എസ് സേന പ്രതിരോധ നടപടി സ്വീകരിച്ചത്. ആക്രമണശ്രമം പരാജയപ്പെടുത്തിയതായും നിലവിൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാണെന്നും യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കകമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്. ജൂൺ ആദ്യവാരത്തിലും സമാനമായ രീതിയിൽ കപ്പലുകൾക്ക് ഭീഷണിയായ ഇറാനിയൻ ഡ്രോണുകൾ യു.എസ് സെൻട്രൽ കമാൻഡ് വെടിവച്ചിട്ടിരുന്നു. മേഖലയിൽ യു.എസ്-ഇറാൻ സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം നിലവിൽ അതിരൂക്ഷമായി തുടരുകയാണ്.
Iran drones in the Strait of Hormuz; US shot down; attack on ships prevented, report says














