ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽനിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ വാണിജ്യക്കപ്പലുകളെ ഇറാൻ ഒഴിവാക്കിയതായി ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ സമിതി ഉപാധ്യക്ഷൻ അമീർ ഹയാത്ത് മൊഗദ്ദം. ഇന്ത്യയിൽനിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നാല് രാജ്യങ്ങളിൽനിന്നുള്ള കപ്പലുകൾക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാമെന്നും അമേരിക്കൻ സേനയും അവയെ തടയുന്നില്ലെന്നും ചൊവ്വാഴ്ച ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായും ചൈനയുമായും ബന്ധപ്പെട്ട ഇറാന്റെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് ഇളവുകളുടെ ലക്ഷ്യമെന്നും ഹയാത്ത് മൊഗദ്ദം വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് മരുന്നുകൾ എത്തിക്കുന്നതിനായാണ് ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നത്. ചൈനയുടെ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുകയാണ് ചൈനീസ് കപ്പലുകൾക്കുള്ള ഇളവിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽനിന്ന് ഇറാൻ ഗതാഗതച്ചുങ്കം ഈടാക്കുന്നുണ്ട്. എന്നാൽ ഖത്തർ കപ്പലുകളെ സൗജന്യമായി കടത്തിവിടുകയാണ്. ഇറാഖ് കപ്പലുകളിൽനിന്ന് ചുങ്കം ഈടാക്കുന്നുണ്ടോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിൽ നിലവിൽ 30 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. നേരത്തെ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 70 ശതമാനവും ഈ പാതയിലൂടെയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതോടെ റഷ്യ, അമേരിക്ക, പശ്ചിമാഫ്രിക്ക, യുഎഇയിലെ ഫുജൈറ എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതോടെ ഈ ആശ്രിതത്വം കുറഞ്ഞു.
എന്നാൽ ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഖത്തറിൽനിന്നും യുഎഇയിൽനിന്നുമുള്ള എൽഎൻജി ഇറക്കുമതിയുടെ പകുതിയിലധികവും ഇതുവഴിയാണ് കടന്നുപോകുന്നത്. വളം ഇറക്കുമതിക്കും ഈ പാത നിർണായകമാണ്. ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും വാണിജ്യക്കപ്പലുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത ഇറാന്റെ നടപടിക്കു പിന്നാലെ, ഊർജ വിതരണത്തിനുള്ള തടസ്സമില്ലാത്ത ഗതാഗതവും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും ഉറപ്പാക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് വഴി പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള ആഗോള കടൽമാർഗ എണ്ണ വിതരണത്തിന്റെ ഏകദേശം 25 ശതമാനമാണ് കടന്നുപോകുന്നത്.
അതേസമയം, കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുകയാണ്. സുരക്ഷിതമായി കടന്നുപോകുന്നതിന് കപ്പലുകൾ തിരിച്ചറിയൽ വിവരങ്ങൾ, ചരക്കിന്റെ വിശദാംശങ്ങൾ, ലക്ഷ്യസ്ഥാനം എന്നിവ കൈമാറണമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ നാവികസേന നിർദേശിക്കുന്നതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതുമുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വാണിജ്യക്കപ്പലുകൾക്കുനേരെ കുറഞ്ഞത് 70 ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര സമുദ്ര സംഘടന (ഐഎംഒ) വ്യക്തമാക്കി. ആക്രമണങ്ങളിൽ 19 നാവികർ കൊല്ലപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ട 24 ഇന്ത്യക്കാരിൽ 15 പേരും നാവികരാണ്.
Iran has exempted ships from India, China, Iraq, and Qatar from the Hormuz restrictions.









