ഇറാൻ ആണവപദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ രാജ്യത്തുനിന്നുള്ള ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ടുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു പ്രതികരണം.
ഇസ്രയേലിനെ നശിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇറാൻ ഭരണകൂടം വീണ്ടും ആണവപദ്ധതി പുനരാരംഭിക്കാൻ ശ്രമിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വന്തം രാജ്യത്തെ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താൻ മടിക്കാത്ത ഭരണകൂടം ഇസ്രയേലിനെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. യുറേനിയം സമ്പുഷ്ടീകരണവും ആണവായുധ വികസനവും പുനരാരംഭിക്കാൻ ഇറാന് കഴിഞ്ഞാൽ ഈ ഭീഷണി യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐസൻകോട്ടുമായുള്ള കൂടിക്കാഴ്ച രാജ്യത്ത് ദേശീയ ഐക്യസർക്കാർ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യപ്പെടുത്തിയെന്നും നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കും സഖ്യകക്ഷികൾക്കും 53 സീറ്റുകളാണ് ലഭിച്ചത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 61 സീറ്റുകൾ നേടാനായില്ല. ഐസൻകോട്ടിന്റെ യാഷർ പാർട്ടിക്കും സഖ്യകക്ഷികൾക്കും 48 സീറ്റുകളും അറബ് സഖ്യത്തിന് 19 സീറ്റുകളും ലഭിച്ചു. സർക്കാർ രൂപീകരിക്കാൻ അറബ് സഖ്യത്തിന്റെ പിന്തുണ തേടാൻ ഐസൻകോട് തയ്യാറാകുമോയെന്നും അങ്ങനെ രൂപീകരിക്കുന്ന സർക്കാർ ദുർബലവും അപകടകരവുമായിരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
അറബ് പാർട്ടികളെ ഒഴിവാക്കി ഭൂരിപക്ഷം ഉറപ്പാക്കാൻ ഐസൻകോട്ടുമായി ധാരണയിലെത്താമെന്ന പ്രതീക്ഷയിലാണ് നെതന്യാഹു. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച അദ്ദേഹം അറബ് പാർട്ടികളെ ഭീകരവാദത്തിന്റെ പിന്തുണക്കാരെന്നും വിശേഷിപ്പിച്ചു. ഇറാനിൽനിന്നുള്ള ഭീഷണി അവസാനിപ്പിക്കാൻ ദേശീയ ഐക്യസർക്കാരിനേ കഴിയൂവെന്നും പരിമിതമായ ഭൂരിപക്ഷമുള്ള സർക്കാരിനോ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെ രൂപീകരിക്കുന്ന സർക്കാരിനോ ഈ ലക്ഷ്യം കൈവരിക്കാനാകില്ലെന്നും നെതന്യാഹു പറഞ്ഞു.
അതിനിടെ, ഇസ്രയേൽ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ഡയറക്ടർ റോമൻ ഗോഫ്മാൻ ചർച്ചകൾക്കായി വാഷിങ്ടനിലെത്തി. ഇറാനുമായുള്ള സംഘർഷം ശക്തമായി തുടരുന്നതിനിടെയാണ് സന്ദർശനം. ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാൻ നെതന്യാഹു ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് യുഎസ്-ഇസ്രയേൽ ചർച്ചകൾ നടക്കുന്നത്. ചർച്ചകളുടെ വിഷയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വാഷിങ്ടൻ സന്ദർശനത്തിനിടെ ഗോഫ്മാൻ സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Netanyahu says it’s time to remove Iran threat “once and for all”












