
വാഷിംഗ്ടൺ: ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സൈനികരെയും സ്വകാര്യ പ്രതിരോധ കരാറുകാരെയും നിരീക്ഷിക്കാൻ ഇറാൻ അത്യാധുനിക ഡിജിറ്റൽ ചാരവൃത്തി സാങ്കേതികവിദ്യ ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിലെ മൊബൈൽ നെറ്റ്‌വർക്കുകളിലെ സുരക്ഷാ പിഴവുകൾ ഉപയോഗപ്പെടുത്തിയാണ് ഇറാൻ യു.എസ് സൈനികരുടെ തത്സമയ ലൊക്കേഷൻ വിവരങ്ങൾ ചോർത്തിയത്.
മൊബൈൽ ഓപ്പറേറ്റർമാർ അന്താരാഷ്ട്ര റോമിങ് സേവനങ്ങൾക്കായി ഉപയോഗിക്കുന്ന ‘SS7’ പ്രോട്ടോക്കോളിലെ വീഴ്ചകളാണ് ഇറാൻ പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തിയത്. സൈനികരുടെ ഫോണുകളിലേക്ക് നിശബ്ദമായി സിഗ്നലുകൾ അയച്ചുകൊണ്ട് അവരുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ ഇതിലൂടെ ഇറാന് സാധിച്ചു. കൂടാതെ, സ്മാർട്ട്‌ഫോണുകളിൽ പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്ന കൊമേഴ്‌സ്യൽ പരസ്യ ഡാറ്റാബേസുകളും ഇറാൻ ഇതിനായി ദുരുപയോഗം ചെയ്തു. പ്രത്യേക മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാതെ തന്നെ സൈനികരുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കാൻ ഈ പരസ്യ ഡാറ്റാ ട്രാക്കിങ് വഴി അവർക്ക് കഴിഞ്ഞു.
സുരക്ഷ മുൻനിർത്തി അമേരിക്കൻ സൈന്യം തങ്ങളുടെ ഉദ്യോഗസ്ഥരെ സൈനിക താവളങ്ങൾക്ക് പുറത്തുള്ള സാധാരണ ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇറാഖ്, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥർ താമസിക്കുന്ന ഹോട്ടലുകൾ ഇറാൻ കൃത്യമായി തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളിൽ അമേരിക്കൻ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്നതാണ് ഈ നീക്കം.
Iran leaks location of mobile networks to monitor US soldiers and contractors in Gulf region; report on digital espionage in West Asia released















