വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ദുരൂഹതയെന്ന് പിണറായി വിജയൻ; മുഖ്യമന്ത്രി വി ഡി സതീശന് വീണ്ടും കത്തയച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ഓഹരി കൈമാറ്റത്തിൽ സർക്കാരിന്റെ നിലപാട് ദുരൂഹമാണെന്നും താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പുതിയ കത്തയച്ചു. അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം നൽകി സംസ്ഥാന താത്പര്യം ബലികഴിക്കരുതെന്നും കരാർ ലംഘനങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കൺസഷൻ എഗ്രിമെന്റ് പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളതെന്നും തുറമുഖം പൂർണ്ണമായും കേരള സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നുമുള്ള വസ്തുത മുഖ്യമന്ത്രി വിസ്മരിക്കരുതെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി നോക്കുന്നത്. കരാറിലെ വ്യവസ്ഥകൾ ലംഘിച്ച് തൂത്തുക്കുടി തുറമുഖത്ത് പൂർണ്ണ അവകാശമുള്ള എം എസ് സി കമ്പനിയുമായി ചേർന്ന് അദാനി ഗ്രൂപ്പ് നടത്തുന്ന ഓഹരി കൈമാറ്റ നീക്കങ്ങൾ നിയമവിരുദ്ധമാണ്. സർക്കാർ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ ഗുരുതരമായ അപാകത ചൂണ്ടിക്കാട്ടിയിട്ടും ഇക്കാര്യത്തിൽ സർക്കാർ മൗനം പാലിക്കുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

തുറമുഖം കുത്തക ശക്തികളുടെ പിടിയിലമരാതെ സംരക്ഷിക്കുമെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ സായുധ സേനകളുടെ സാന്നിധ്യത്തോട് പോർട്ട് ഓപ്പറേറ്റർമാർ നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗൗരവത്തോടെ കാണണം. വിഴിഞ്ഞം പദ്ധതിയുടെ വികസനപ്രവർത്തനങ്ങൾക്ക് എൽഡിഎഫ് പിന്തുണ തുടരുമെന്നും എന്നാൽ നാടിന്റെ താൽപ്പര്യങ്ങൾക്കെതിരായ ഏതു നീക്കത്തെയും ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Pinarayi Vijayan Writes to CM VD Satheesan Over Vizhinjam Share Transfer, Demands Action Against Contract Violations

Also Read

More Stories from this section

family-dental
witywide