
ടെൽ അവീവ്: ഇറാനുമായുള്ള ആണവ ചർച്ചകളും അന്തിമ കരാറിൻ്റെ നിബന്ധനകളും സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തി. ഇറാനുമായി പുതിയ ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക ധാരണാപത്രത്തെക്കുറിച്ചാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പുതിയ ധാരണാപത്രത്തിൽ ഇസ്രായേൽ നേരിട്ട് ഭാഗമല്ലെങ്കിലും, രാജ്യത്തിൻ്റെ സുരക്ഷാ ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുമെന്ന ട്രംപിൻ്റെ നിലപാടിനെ നെതന്യാഹു സ്വാഗതം ചെയ്തു. ഭാവിയിൽ ഇറാനുമായി ഉണ്ടാകുന്ന ഏത് അന്തിമ കരാറിലും ഇസ്രായേലിൻ്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തുമെന്ന് ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇറാനിൽ നിന്ന് സമ്പുഷ്ടീകരിച്ച ആണവ വസ്തുക്കൾ നീക്കം ചെയ്യുക, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക, മിസൈൽ നിർമ്മാണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുക എന്നിവ അന്തിമ കരാറിൻ്റെ ഭാഗമായിരിക്കുമെന്ന് യുഎസ് വ്യക്തമാക്കി. കൂടാതെ മിഡിൽ ഈസ്റ്റിലെ ഭീകര സംഘടനകൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-സൈനിക പിന്തുണ അവസാനിപ്പിക്കണമെന്ന നിബന്ധനയും യുഎസ് മുന്നോട്ട് വെക്കും. ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക ചർച്ച നടന്നിരിക്കുന്നത്.
Iran nuclear deal: Trump assures Israel of addressing concerns; holds talks with Netanyahu












