ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെയും ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രത്യേക ആദരം നൽകുന്നതിനായി ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ പ്രധാന ദേശീയ ആദരങ്ങളിലൊന്നായ ദീപം തെളിയിക്കൽ ചടങ്ങിൽ ഇരുവരെയും പങ്കെടുപ്പിച്ച് ദീപം തെളിയിക്കാനാണ് ക്ഷണം. ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയ മച്ചാറിനെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും “ഹീറോ” എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.
യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38കാരനായ മച്ഛാറുമായി ശനിയാഴ്ച നെതന്യാഹു ഫോണിൽ സംസാരിച്ചു. “ഞങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന ഏറ്റവും വലിയ ആദരവാണിത്. സാധാരണയായി ഇസ്രയേൽ പൗരന്മാർക്കാണ് ഇത് നൽകുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ ഇസ്രയേലിലെ മുഴുവൻ ജനങ്ങളും നിങ്ങളെ ചേർത്തുപിടിക്കുമെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അവർ അങ്ങനെ ചെയ്യുന്നു, അന്നും അങ്ങനെതന്നെയായിരിക്കും. നിങ്ങളെ ഉടൻ ഇസ്രയേലിൽ കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” എന്ന് നെതന്യാഹു മച്ഛാറിനോട് പറഞ്ഞു. പിന്നീട് നെതന്യാഹുവിന്റെ ഓഫിസ് എക്സിൽ പങ്കുവച്ച കുറിപ്പിലും മച്ചാറിനെ പ്രശംസിച്ചു.
“ഇസ്രയേലിനും ഇന്ത്യയ്ക്കും ലോകത്തിനാകെയും നിങ്ങൾ ഹീറോയാണ്. ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിങ്ങളെയും ദീപം തെളിയിക്കാൻ ഞാൻ ക്ഷണിക്കുന്നു,” കുറിപ്പിൽ പറഞ്ഞു. സംഭവം എങ്ങനെയാണ് ആരംഭിച്ചതെന്ന് നെതന്യാഹു ചോദിച്ചപ്പോൾ കോക്പിറ്റിലുണ്ടായ ഭീതിജനകമായ നിമിഷങ്ങളെക്കുറിച്ച് മച്ഛാർ കൂടുതൽ വിവരങ്ങൾ പങ്കുവച്ചതായും കുറിപ്പിൽ പറയുന്നു. ആക്രമണത്തിന് മുമ്പ് കോ-പൈലറ്റ് പ്രാർഥിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു. ബഹുമാനാർത്ഥം കോ-പൈലറ്റ് പ്രാർഥിക്കുമ്പോൾ താൻ കോക്പിറ്റിന്റെ മുൻഭാഗത്തേക്ക് നോക്കിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം നാലോ അഞ്ചോ മിനിറ്റിന് ശേഷം പെട്ടെന്ന് എന്റെ തലയുടെ പിൻഭാഗത്ത് ശക്തമായ അടിയേറ്റു. ആദ്യം വിമാനത്തിന് വലിയ തകരാർ സംഭവിച്ചെന്നും എന്തോ കുഴപ്പമുണ്ടായെന്നും ആണ് ഞാൻ കരുതിയത്. എന്നാൽ പിന്നീട് തുടർച്ചയായി അടിയേറ്റുകൊണ്ടിരുന്നു. അപ്പോഴാണ് വിമാനത്തിനല്ല പ്രശ്നമെന്നും കോക്പിറ്റിലുണ്ടായിരുന്ന മറ്റേയാളാണ് തന്നെ ആക്രമിക്കുന്നതെന്നും മനസ്സിലായതെന്നും മച്ഛാർ പറഞ്ഞു. സംഭവസമയത്ത് മച്ഛാർ നടത്തിയ ഇടപെടലുകളെയും നെതന്യാഹു പ്രശംസിച്ചു.
“നിങ്ങൾ നിരവധി ജീവനുകളാണ് രക്ഷിച്ചത്. അതിനേക്കാൾ വലിയൊന്നാണ് നിങ്ങൾ രക്ഷിച്ചതെന്ന് ഞാൻ കരുതുന്നു. ലോകത്തിന്റെ ആത്മാവിനെയാണ് നിങ്ങൾ രക്ഷിച്ചത്. ലോകമെമ്പാടും അർഹിക്കുന്ന രീതിയിൽ നിങ്ങൾ പ്രശംസിക്കപ്പെടുകയാണ്. നിങ്ങൾ ഇസ്രയേലിന്റെ ഹീറോയാണ്, ഇന്ത്യയുടെ ഹീറോയാണ്, ലോകത്തിന്റെ തന്നെ ഹീറോയാണ്. ഇത് വിധിയുടെയും വിശ്വാസത്തിന്റെയും വഴിത്തിരിവായിരിക്കാം. നിങ്ങൾ ചെയ്തത് അസാധാരണമാണ്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഇസ്രയേൽ യാത്രക്കാരിൽനിന്ന് ഞാൻ കേട്ടു. നിങ്ങളൊരു മഹാനായ ഹീറോയാണ്. നിങ്ങൾക്കൊപ്പം മറ്റു ഹീറോമാരുമുണ്ടായിരുന്നു. നിങ്ങൾ ആ ദിവസം രക്ഷപ്പെടുത്തി എന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അസാധാരണമായ സാഹചര്യത്തിലും മച്ഛാർ കാട്ടിയ ധൈര്യത്തെയും ശാന്തമായ തീരുമാനമെടുക്കാനുള്ള കഴിവിനെയും നെതന്യാഹു പ്രത്യേകം പ്രശംസിച്ചു. 174 യാത്രക്കാരുമായി ഇസ്രയേലിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് ബുധനാഴ്ച സംഭവമുണ്ടായത്. കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന അടിയന്തര ഉപകരണമായ ക്രാഷ് ആക്സ് ഉപയോഗിച്ച് കോ-പൈലറ്റ് മച്ഛാറിനെ ആക്രമിച്ചതായാണ് ആരോപണം.വിമാനം അടിയന്തര സന്ദേശം കൈമാറുകയും 34,000 അടി ഉയരത്തിൽനിന്ന് 17,000 അടി താഴേക്ക് അതിവേഗം താഴുകയും ചെയ്തു. തുടർന്ന് സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.
അതിശക്തമായ താഴേക്കിറക്കത്തിനിടെ വിമാനത്തിന്റെ റഡറിന്റെ ഒരു ഭാഗം അടർന്നുപോയതായും റിപ്പോർട്ടുകളുണ്ട്. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം ഒമാൻ പൗരനായ ഹമാം അൽ-ഹമ്മാമിയാണ് കോ-പൈലറ്റ്.തുടക്കത്തിൽ സൗദിയിലെ തബൂക്കിൽ ചികിത്സ നൽകിയ മച്ഛാറിനെ പിന്നീട് തുടർചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.
Israeli Prime Minister Benjamin Netanyahu has invited Prime Minister Narendra Modi and Indian pilot Captain Smit Machchhar to light a flame at Israel’s Independence Day event.













