ഊർജ പ്രതിസന്ധി നേരിട്ട് ഇറാൻ, നഷ്ടപ്പെട്ട ഉൽപ്പാദന ശേഷി തിരിച്ചുപിടിക്കാൻ നീക്കം; അസലൂയയിലെ വാതക സംസ്‌കരണ കേന്ദ്രങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നു

ടെഹ്റാൻ: പേർഷ്യൻ ഉൾക്കടൽ തുറമുഖ നഗരമായ അസലൂയയിലെ വാതക സംസ്‌കരണ ശാലകളിൽ ഉണ്ടായ കേടുപാടുകൾ തീർത്ത്, പ്രതിദിനം നഷ്ടപ്പെട്ട 95 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതക ഉൽപ്പാദന ശേഷി വീണ്ടെടുക്കാൻ നടപടികൾ ആരംഭിച്ചതായി ഇറാൻ പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഷാന’ അറിയിച്ചു. ആക്രമണങ്ങളെ തുടർന്ന് അസലൂയയിലെ ചില വാതക സംസ്‌കരണ സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചതാണ് ഇത്രയും വലിയ അളവിലുള്ള ഉൽപ്പാദന ശേഷി നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ഇറാൻ പെട്രോളിയം മന്ത്രി മൊഹ്‌സിൻ പാക്‌നെജാദ് പറഞ്ഞു.

കേടുപാടുകൾ സംഭവിച്ച നാല് പ്രധാന യൂണിറ്റുകളുടെ പുനർനിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.”ആദ്യ ഘട്ടമായ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ പൂർത്തിയായിക്കഴിഞ്ഞു. പുനർനിർമ്മാണത്തിനുള്ള കരാറുകൾ നൽകുകയും കരാറുകാർ ജോലി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്,” പാക്‌നെജാദ് കൂട്ടിച്ചേർത്തു. എങ്കിലും, വരാനിരിക്കുന്ന തണുപ്പുകാലത്ത് ചില യൂണിറ്റുകളുടെ പ്രവർത്തനം പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, വിതരണ തടസ്സങ്ങൾ ഒഴിവാക്കാൻ ഊർജ്ജ ഉപഭോഗത്തിൽ കൃത്യമായ നിയന്ത്രണം പാലിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി.

ബുഷെഹർ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന അസലൂയയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരത്തെ ആക്രമണം നേരിട്ടിരുന്നതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘തസ്‌നീം’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രായേൽ വ്യത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ വ്യക്തമാക്കുകയുണ്ടായി.അമേരിക്കയുമായും ഇസ്രായേലുമായും ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് പ്രതിദിനം 230 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതക ഉൽപ്പാദന ശേഷിയാണ് ഇറാന് നഷ്ടമായതെന്നും, രാജ്യം നിലവിൽ കടുത്ത ഊർജ്ജ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ജൂലൈയിൽ സർക്കാർ വക്താവ് ഫാത്തിമ മൊഹാജറാനി വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എയോട് വെളിപ്പെടുത്തിയിരുന്നു.

More Stories from this section

family-dental
witywide