
ഇസ്‌ലാമാബാദ്: ഇസ്‌ലാമാബാദിൽ നടന്ന നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ തർക്കം വീണ്ടും സങ്കീർണ്ണമാകുന്നു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് കുറഞ്ഞത് 20 വർഷത്തെ എങ്കിലും വിലക്ക് ഏർപ്പെടുത്തണമെന്ന വാഷിംഗ്ടണിൻ്റെ ആവശ്യം ഇറാൻ തള്ളിയതാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണമായതെന്ന് ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.
യുറേനിയം സമ്പുഷ്ടീകരണം 20 വർഷത്തേക്ക് നിർത്തിവെക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടപ്പോൾ, ഒറ്റയക്കത്തിലുള്ള (പത്ത് വർഷത്തിന് താഴെ) കാലയളവ് മാത്രമേ അംഗീകരിക്കാനാവൂ എന്ന നിലപാടിലായിരുന്നു ഇറാൻ. ഇറാൻ്റെ പക്കലുള്ള ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യുറേനിയം പൂർണ്ണമായും രാജ്യത്തിന് പുറത്തേക്ക് മാറ്റണമെന്ന് യുഎസ് ആവശ്യപ്പെട്ടു. എന്നാൽ ഇത് പുറത്തേക്ക് മാറ്റുന്നതിന് പകരം, അതിൻ്റെ വീര്യം കുറയ്ക്കുന്ന പ്രക്രിയയ്ക്ക് വിധേയമാക്കാമെന്നാണ് ഇറാൻ നിർദ്ദേശിച്ചത്.
ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യുഎസ് പ്രതിനിധി സംഘം പെട്ടെന്ന് മടങ്ങിയതും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ പ്രസ്താവനകളും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഒരു പ്രാഥമിക കരാറിൽ എത്താൻ കഴിയുമെന്ന് ഇറാൻ വിശ്വസിച്ചിരിക്കെയാണ്, ചർച്ചകൾ പരാജയപ്പെട്ടുവെന്ന് വാൻസ് പരസ്യമായി പ്രഖ്യാപിച്ചത്.
ഏപ്രിൽ 21-ന് അവസാനിക്കുന്ന വെടിനിർത്തൽ കരാർ നീട്ടുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ട്. നിലവിൽ പ്രതിസന്ധികൾ ഉണ്ടെങ്കിലും ഒരു കരാറിലെത്താനുള്ള സാധ്യതകൾ ബാക്കിയുണ്ടെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനും സൂചിപ്പിക്കുന്നത്.
അതിനിടെ, ഇറാൻ്റെ കപ്പൽ ഗതാഗതത്തിന്മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും, ഇറാനിൽ നിന്നുള്ള ഉന്നതർ ചർച്ചകൾക്കായി ബന്ധപ്പെടുന്നുണ്ടെന്നും അവർ ഒരു കരാറിന് താല്പര്യപ്പെടുന്നുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
Iran rejects US’s 20-year embargo proposal













