
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ജനപ്രിയ കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. ജനസമ്പർക്ക പരിപാടികളിലൂടെയും സാധാരണക്കാരായ മനുഷ്യരോടുള്ള കരുതലിനായും കേരള രാഷ്ട്രീയത്തിൽ പകരം വെയ്ക്കാനില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ സ്മരണ പുതുക്കി സംസ്ഥാന വ്യാപകമായി ഇന്ന് വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദീർഘകാലം പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധിയായും രണ്ട് തവണ കേരളത്തിൻ്റെ മുഖ്യമന്ത്രിയായും തിളങ്ങിയ ഉമ്മൻ ചാണ്ടി, തൻ്റെ ജീവിതം പൂർണ്ണമായും ജനങ്ങൾക്കായി മാറ്റിവെച്ച നേതാവായിരുന്നു. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിൻ്റെ ‘ജനസമ്പർക്ക പരിപാടി’ ഐക്യരാഷ്ട്രസഭയുടെ പുരസ്കാരത്തിന് വരെ അർഹമായിരുന്നു.
അദ്ദേഹത്തിൻ്റെ വേർപാടിൻ്റെ മൂന്നാം വർഷത്തിലും, ‘കുഞ്ഞൂഞ്ഞ്’ എന്ന ജനപ്രിയ നേതാവിൻ്റെ ഓർമ്മകൾ മലയാളി മനസ്സുകളിൽ ഇന്നും വിങ്ങലായി അവശേഷിക്കുന്നു. പുതുപ്പള്ളിയിലെ അദ്ദേഹത്തിൻ്റെ കല്ലറയിലേക്ക് ഇന്നും ജനലക്ഷങ്ങളാണ് പ്രാർത്ഥനകളോടെ ഒഴുകിയെത്തുന്നത്. കെ.പി.സി.സിയുടെയും വിവിധ കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രാർത്ഥനകളും അനുസ്മരണ യോഗങ്ങളും ഇന്ന് നടക്കും.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും, തുടർന്ന് അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രത്യേക ധൂപപ്രാർഥനയും നടക്കും. രാവിലെ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും. പുതുപ്പള്ളിയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗങ്ങളും നടക്കും.
Oommen Chandy’s third death anniversary














