
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് തന്റെ മുൻവാദങ്ങൾ വീണ്ടും ഉന്നയിച്ചത്. നാല് ദിവസം നീണ്ടുനിന്ന സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
ലോകത്ത് നടന്ന ഇന്ത്യ–പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ എട്ട് പ്രധാന യുദ്ധങ്ങളിൽ താൻ ഇടപെട്ട് പരിഹാരമുണ്ടാക്കിയിട്ടുണ്ടെന്നും, അതിനാൽ മറ്റാരേക്കാളും കൂടുതൽ നോബൽ സമാധാന പുരസ്കാരത്തിന് അർഹൻ താനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ആണവയുദ്ധത്തിലേക്ക് വരെ നീങ്ങാനിടയുണ്ടായിരുന്നുവെന്നും, എന്നാൽ ഇരുരാജ്യങ്ങൾക്കും 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് യുദ്ധം അവസാനിപ്പിക്കാൻ അവർ തയ്യാറായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
തന്റെ ഇടപെടൽ മൂലം മൂന്ന് മുതൽ അഞ്ച് കോടി വരെ ആളുകളുടെ ജീവൻ രക്ഷിക്കാനായെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, അമേരിക്കയുടെയോ മറ്റേതെങ്കിലും മൂന്നാം രാജ്യത്തിന്റെയോ മധ്യസ്ഥത ഇന്ത്യ നേരത്തേ തന്നെ പൂർണമായും നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേയ് 7-ന് പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാൻ അധീന പ്രദേശങ്ങളിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചിരുന്നു.
തുടർന്ന് മേയ് 10-ന് ഇരു രാജ്യങ്ങളുടെയും സൈനിക മേധാവിമാർ നേരിട്ട് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടികൾ അവസാനിപ്പിച്ചതെന്ന് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. സംഘർഷത്തിനിടെ എഫ്-16 ഉൾപ്പെടെയുള്ള പന്ത്രണ്ടോളം പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ട്രംപ് പരാമർശിച്ച 11 യുദ്ധവിമാനങ്ങൾ ഏത് രാജ്യത്തിന്റേതാണെന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിലും ഉഭയകക്ഷി ബന്ധങ്ങളിലും മൂന്നാം കക്ഷിയുടെ മധ്യസ്ഥത അംഗീകരിക്കില്ലെന്ന നിലപാട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.












