
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ പുതിയ സംവിധാനവുമായി ഇറാൻ രംഗത്ത്. സുപ്രധാനമായ ഈ സമുദ്രപാതയിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ പദ്ധതി ഉടൻ തന്നെ യാഥാർത്ഥ്യമാക്കുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ശക്തമാകുന്നതിനിടെയാണ് മേഖലയിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്ന തരത്തിലുള്ള നിർണ്ണായക നീക്കങ്ങളിലേക്ക് ഇറാൻ കടക്കുന്നത്.
പുതിയ സുരക്ഷാ സംവിധാനം നിലവിൽ വരുന്നതോടെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് വിവിധ സേവനങ്ങൾക്കായി ഇറാൻ പണം ഈടാക്കാൻ തുടങ്ങും. തങ്ങളുമായി നയതന്ത്രപരമായി സഹകരിക്കുന്ന സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമേ ഇനി ഈ പാതയിലൂടെ സുഗമമായ യാത്ര അനുവദിക്കുകയുള്ളൂവെന്നും ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. ഹോർമുസ് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് മുന്നിൽ ഈ പാത പൂർണ്ണമായും അടച്ചിടുമെന്ന കർശന നിലപാടിലാണ് ടെഹ്റാൻ.
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ, കൂടുതൽ വിദേശ കപ്പലുകളെ കടത്തിവിടാനും ഇറാൻ തയ്യാറായിട്ടുണ്ട്. നേരത്തെ ചൈനീസ് കപ്പലുകൾക്ക് അനുമതി നൽകിയതിന് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ചരക്കുകപ്പലുകളാണ് ഇറാൻ നിലവിൽ ഹോർമുസ് കടലിടുക്കിലൂടെ കടത്തിവിട്ടത്. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ ഒറ്റപ്പെട്ടിട്ടില്ലെന്ന് കാണിക്കാനും അതേസമയം പാതയുടെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഓർമ്മിപ്പിക്കാനുമാണ് ഇറാൻ ഈ രാജ്യങ്ങൾക്ക് യാത്രാാനുമതി നൽകിയതെന്നാണ് വിലയിരുത്തൽ.
Iran to launch new control system in Hormuz; allows passage for allied nations’ ships














