ട്രംപിന് ഖമേനിയുടെ താക്കീത്, ‘ശത്രുക്കള്‍ക്ക് മുന്നിൽ ഇറാൻ തലകുനിക്കില്ല, ശത്രുക്കളെ മുട്ടുകുത്തിക്കും’; രാജ്യത്തെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടേണ്ടതില്ല

ഇറാനിലെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ശക്തമായ ഭാഷയിൽ മറുപടി നൽകി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ശത്രുക്കൾക്ക് മുന്നിൽ ഇറാൻ ഒരിക്കലും തലകുനിക്കില്ലെന്നും അവരെ മുട്ടുകുത്തിക്കുമെന്നും ഖമേനി വ്യക്തമാക്കി. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ഇറാൻ ഭരണകൂടം ബലപ്രയോഗം നടത്തിയാൽ യുഎസ് ഇടപെടുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഖമേനിയുടെ ഈ പ്രതികരണം.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങളെ വിദേശശക്തികൾ വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് ഖമേനി ആരോപിച്ചു. ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ ന്യായമാണെങ്കിലും, ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ‘കലാപകാരികളെ’ അടിച്ചമർത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക സൈനികമായി ഇടപെടാൻ ശ്രമിച്ചാൽ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏതൊരു പ്രകോപനവും വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്നും ഇറാൻ ഓർമ്മിപ്പിച്ചു. നിലവിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്. വിദേശ രാജ്യങ്ങളുടെ ഇടപെടൽ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് സർക്കാർ.

More Stories from this section

family-dental
witywide