ആശ്വാസം അകലെയല്ല! യുഎസ്-ഇറാൻ സംഘർഷത്തിൽ 10 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് മധ്യസ്ഥരാജ്യങ്ങൾ; ചർച്ചകൾക്ക് ഇറാൻ തയ്യാറോ?

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷം വഷളായ പശ്ചാത്തലത്തിൽ, നയതന്ത്രചർച്ചകൾ പുനഃരാരംഭിക്കാൻ സജീവ ശ്രമങ്ങളുമായി മധ്യസ്ഥരാജ്യങ്ങൾ രംഗത്ത്. ഇതിന്റെ ഭാഗമായി മേഖലയിലെ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ മധ്യസ്ഥർ നിർദേശം മുന്നോട്ടുവെച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ റദ്ദാക്കിയ ഇടക്കാല വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. യു.എസിന്റെ സൈനിക ആക്രമണങ്ങൾക്കിടയിലും മധ്യസ്ഥർ മുഖേന വാഷിങ്ടണുമായി നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ സ്ഥിരീകരിച്ചു. സമാധാന ചർച്ചകൾക്കായുള്ള സന്ദേശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.

എന്നാൽ, ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തി ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്താൻ യു.എസിനെ അനുവദിക്കില്ലെന്ന് ഇസ്മായിൽ ബഗായ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നാണ് ഇറാന്റെ നിലപാട്. കപ്പൽ ഗതാഗത സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ കടുത്ത അനിശ്ചിതാവസ്ഥ നിലനിൽക്കുന്നുണ്ട്.

അതേസമയം, അമേരിക്കയും ഇറാനും ജൂൺ 17-ന് ഒപ്പിട്ട ‘ഇസ്‍ലാമാബാദ് ധാരണാപത്ര’ത്തിൽനിന്ന് ഇറാൻ പിന്മാറിയാൽ തനിക്ക് ഒന്നുമില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇടക്കാല കരാർ പാലിക്കുന്നതിനുള്ള പ്രതിബദ്ധതകളെല്ലാം മരവിപ്പിക്കുന്നതായി ഇറാൻ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. അമേരിക്കയുടെ മുൻഗണന ഇറാനെ ആണവായുധം നേടുന്നതിൽനിന്ന് തടയുക മാത്രമാണെന്നും ട്രംപ് ആവർത്തിച്ചു.

US-Iran Tensions: Mediators Propose 10-Day Ceasefire to Resume Talks

More Stories from this section

family-dental
witywide