ഹോർമൂസ് കടലിടുക്കിലടക്കം അമേരിക്ക തുടരുന്ന നാവിക ഉപരോധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഉപരോധം ഒരുതരം യുദ്ധപ്രഖ്യാപനമാണെന്നും ഇറാന്റെ ക്ഷമ പരീക്ഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും ഈ നില തുടർന്നാൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും അമേരിക്കൻ ഭരണകൂടത്തിന് നൽകിയ അന്ത്യശാസനത്തിൽ ഇറാൻ പ്രസിഡന്റ് ഓർമ്മിപ്പിച്ചു. നയതന്ത്ര ചർച്ചകൾ വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ പ്രകോപനപരമായ നിലപാട്.
പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയിയും സന്ദേശത്തിൽ അറിയിച്ചു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും മേഖലയിൽ ഇനി അമേരിക്കൻ സാമ്രാജ്യത്വത്തിന് സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുമായി ചേർന്ന് സമാധാനപരമായ സാമ്പത്തിക പുരോഗതിയാണ് ഇറാൻ ലക്ഷ്യമിടുന്നത്. എന്നാൽ അമേരിക്കൻ സാന്നിധ്യം മേഖലയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടുകയാണെന്നും സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നു.
സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിലായതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി നിഴലിക്കുകയാണ്. ചർച്ചകളിലെ ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതോടെ ഇരുവിഭാഗവും നിലപാട് കടുപ്പിക്കുകയാണ്. ഇറാന് മേൽ ഇനിയൊരു ആക്രമണം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ സെൻട്രൽ കമാൻഡ് വീണ്ടും കനത്ത ആക്രമണങ്ങൾക്ക് പദ്ധതിയൊരുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇറാൻ ഭരണകൂടത്തിന്റെ പുതിയ പ്രതികരണങ്ങൾ പുറത്തുവരുന്നത്.
Iran warns US to end naval blockade; President Masoud Pezeshkian says ‘patience has run out’















