മോദി ഭരിക്കുന്ന കാലത്തോളം ഇന്ത്യക്ക് യുഎസ് ‘സംരക്ഷണം’ ഉറപ്പ്! ആര് ആക്രമിച്ചാലും കൂടെയുണ്ടാകുമെന്ന് ട്രംപ്, സൈനിക സഹായമടക്കം നൽകും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണത്തിൽ തുടരുന്നിടത്തോളം കാലം രാജ്യം നേരിടുന്ന ഏത് സുരക്ഷാ വെല്ലുവിളിയിലും അമേരിക്കയുടെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയോട് അനുബന്ധിച്ച് നടന്ന ഉഭയകക്ഷി ചർച്ചയിലാണ് നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ സൗഹൃദവും ഇന്ത്യയോടുള്ള തന്ത്രപ്രധാനമായ പിന്തുണയും ട്രംപ് പരസ്യമാക്കിയത്. ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള വിദേശ ആക്രമണം നേരിട്ടാൽ സഹായിക്കാൻ അമേരിക്ക മുന്നിലുണ്ടാകുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ ഔദ്യോഗിക പ്രതിരോധ കരാറുകൾ ഇല്ലെങ്കിൽ പോലും മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ യുഎസ് സംരക്ഷിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

നരേന്ദ്ര മോദി ഭരണ തലപ്പത്തുള്ളപ്പോൾ ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാൻ മുതിർന്നാൽ യുഎസ് സൈനിക സഹായം നൽകുമെന്നും എന്നാൽ ഇന്ത്യയിൽ മറ്റൊരു നേതാവാണ് ഭരിക്കുന്നതെങ്കിൽ ഈ കാര്യത്തിൽ തനിക്ക് ഉറപ്പ് നൽകാൻ കഴിയില്ലെന്നും ട്രംപ് തുറന്നടിച്ചു. താൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇന്ത്യക്ക് വൈറ്റ് ഹൗസിൽ ഏറ്റവും മികച്ചൊരു സുഹൃത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിൽ എല്ലാവരും ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും ഒപ്പം നരേന്ദ്ര മോദിയെന്ന നേതാവിനോട് അന്താരാഷ്ട്ര സമൂഹത്തിന് വലിയ ബഹുമാനമാണുള്ളതെന്നും ട്രംപ് ചർച്ചയിൽ ഓർമ്മിപ്പിച്ചു.

വിവിധ വ്യാപാര-ഭൗമരാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഏതാണ്ട് 16 മാസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും തമ്മിൽ ഈ സുപ്രധാന ചർച്ച നടത്തുന്നത്. വ്യാപാര നികുതിയെച്ചൊല്ലിയുള്ള തർക്കങ്ങളും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങളും സമീപകാലത്ത് ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിൽ ചെറിയ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു. ഈയൊരു പ്രത്യേക സാഹചര്യത്തിൽ ജി7 ഉച്ചകോടിക്കിടെ ചൊവ്വാഴ്ച ഇരുനേതാക്കളും ആദ്യം കണ്ടുമുട്ടിയതും തുടർന്ന് നടത്തിയ വിശദമായ ഉഭയകക്ഷി ചർച്ചയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ നിർണായക ചുവടുവെപ്പായി മാറി.

US Will Defend India as Long as PM Modi is in Power, Assures President Donald Trump at G7 Summit

More Stories from this section

family-dental
witywide