ഇറാൻ-അമേരിക്ക മധ്യസ്ഥ ചർച്ചകളിൽ പാകിസ്ഥാൻ നീക്കങ്ങൾ സജീവമാക്കി; ഇസ്‌ലാമാബാദിൽ നിർണ്ണായക കൂടിക്കാഴ്ച, ലോകം പ്രതീക്ഷയിൽ

ഇസ്‌ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ കരാർ നീട്ടാൻ വൈറ്റ് ഹൗസ് സമ്മതിച്ചതിന് തൊട്ടുപിന്നാലെ, ഇറാനിയൻ സ്ഥാനപതി റെസ അമിരി മൊഗദം പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഇസ്‌ലാമാബാദിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സമാധാന ശ്രമങ്ങളും പ്രധാന ചർച്ചാവിഷയമായി. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെത്തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രധാന മധ്യസ്ഥനായി പാകിസ്ഥാൻ മാറിയിരിക്കുകയാണ്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്ന ട്രംപിന്റെ നിലപാടിനെ ഷെഹ്ബാസ് ഷെരീഫ് സ്വാഗതം ചെയ്തു. ഇറാൻ ഒരു ഏകീകൃത സമാധാന നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം ഉണ്ടാകില്ലെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ഈ ആഴ്ച നടക്കേണ്ട രണ്ടാം ഘട്ട ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ചർച്ചകൾക്കായി ഇസ്‌ലാമാബാദിലേക്ക് വരാനിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ യാത്രയും നിലവിൽ റദ്ദാക്കിയിട്ടുണ്ട്.

നയതന്ത്രം എന്നത് ദേശീയ താല്പര്യങ്ങളും സുരക്ഷയും സംരക്ഷിക്കാനുള്ള ഒരു ഉപാധിയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. രാജ്യത്തിന്റെ നേട്ടങ്ങൾ ഉറപ്പുവരുത്തുന്നതിനും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങൾ ഒരുങ്ങുന്ന മുറയ്ക്ക് ഇറാൻ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ബുധനാഴ്ച വ്യക്തമാക്കി. പാകിസ്ഥാൻ നടത്തുന്ന സമാധാന നീക്കങ്ങൾ യുദ്ധഭീതിയിലായ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Also Read

More Stories from this section

family-dental
witywide