
ബെയ്ജിംഗ്: ടെഹ്‌റാനിൽ നിന്നുള്ള മഹാൻ എയർ വിമാനം ചൈനയിലെ ഗ്വാങ്‌ഷൂവിൽ ഇറങ്ങിയതായി ഫ്ലൈറ്റ് റഡാർ 24ന്റെ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. എഎഫ്‌പി വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിയൻ വിമാനങ്ങളുടെ സർവീസുകൾ ‘പൂട്ടുമെന്നും’ അവരുമായി വ്യാപാരം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും വാഷിംഗ്ടൺ മുന്നറിയിപ്പ് നൽകിയ ദിവസമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.
ഇറാനിയൻ വിമാനങ്ങൾക്ക് ലാൻഡിംഗ് സേവനങ്ങൾ നൽകുന്ന ഏതൊരു രാജ്യത്തെയും ‘ഡോളർ സിസ്റ്റത്തിൽ’ നിന്ന് പുറത്താക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയിരുന്നില്ല. മഹാൻ എയർ വിമാനം ഇറങ്ങിയതായി കാണിച്ച ഗ്വാങ്‌ഷൂ ബൈയുൻ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ വിമാനത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം, ബുധനാഴ്ച മുതൽ ടെഹ്‌റാനിൽ നിന്ന് ബാഗ്ദാദ്, മസ്കറ്റ്, അങ്കാറ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ഇറാൻ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു.
ഇറാനിയൻ വിമാനക്കമ്പനികൾക്ക് ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി ചൈന രംഗത്ത് വന്നിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ അംഗീകാരമില്ലാത്തതുമായ ഇത്തരം നിയമവിരുദ്ധ ഏകപക്ഷീയ നടപടികളെ തങ്ങൾ ശക്തമായി എതിർക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ബീജിംഗിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.















