
ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നുണയനാണെന്നും യുദ്ധം നിർത്താൻ അദ്ദേഹം അമിതമായി ആഗ്രഹിക്കുന്നുവെന്നും ഇറാനിയൻ സൈനിക കമാൻഡർ മേജർ ജനറൽ അബ്ദുള്ളാഹി. ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള ഫാർസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാൻ സൈന്യത്തിൻ്റെ ശക്തമായ പ്രത്യാക്രമണങ്ങൾ അമേരിക്കയെയും ഇസ്രായേലിനെയും തളർത്തിയിരിക്കുകയാണെന്ന് ജനറൽ അബ്ദുള്ളാഹി പറഞ്ഞു. ഈ സാഹചര്യം അവരെ നിരാശയിലാക്കിയെന്നും, ഇതിൽ നിന്നും രക്ഷപെടാനാണ് അവർ ഇപ്പോൾ വെടിനിർത്തലിനായി തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡൻ്റ് ശ്രമിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ട്രംപിനെ ‘വ്യാമോഹി’ എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, അമേരിക്കയുമായി ഇസ്ലാമാബാദിൽ വച്ച് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. നയതന്ത്ര ചർച്ചകൾക്ക് പകരം തിരിച്ചടികളുമായി മുന്നോട്ട് പോകാനാണ് ഇറാൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ തീവ്രനിലപാടുകാർ ആവശ്യപ്പെടുന്നത്. ഇത് ഇറാനിയൻ ഭരണകൂടത്തിന് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
Iranian general criticizes Trump in harsh language














