
ടെഹ്റാൻ: യുഎസും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധത്തിന്റെ കടുത്ത സാമ്പത്തിക ആഘാതത്തിൽ ഇറാന്റെ ആഭ്യന്തര വിപണികൾ പൂർണ്ണമായി തകർന്നെന്ന് റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എന്നിന്റെ പ്രതിനിധി ഫ്രെഡറിക് പ്ലീറ്റ്‌ജെൻ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് നേരിട്ട് തയ്യാറാക്കിയ റിപ്പോർട്ടിലാണ് യുദ്ധം ജനജീവിതം എങ്ങനെ ദുസ്സഹമാക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. “ഇവിടുത്തെ വിപണി ഇപ്പോൾ പൂർണ്ണമായും തകർന്നു കഴിഞ്ഞു. എല്ലാ സാധനങ്ങൾക്കും തീവിലയാണ്,” ടെഹ്റാൻ തെരുവിൽ വെച്ച് റോയ എന്ന ഇറാനിയൻ യുവതി കടുത്ത നിരാശയോടെ സി.എൻ.എന്നിനോട് പറഞ്ഞു. നാണയപ്പെരുപ്പം കാരണം വിലനിലവാരം നൂറിലധികം മടങ്ങ് വർദ്ധിച്ചതായി മെഹർനാസ് എന്ന മറ്റൊരു പൗരനും സാക്ഷ്യപ്പെടുത്തി.
ഈ യുദ്ധത്തിന് മുൻപ് തന്നെ അന്താരാഷ്ട്ര ഉപരോധങ്ങളും അഴിമതിയും കടുത്ത നാണയപ്പെരുപ്പവും കാരണം ഇറാന്റെ സാമ്പത്തികാവസ്ഥ വളരെ മോശം നിലയിലായിരുന്നു. 2012-ൽ പ്രതിശീർഷ ദേശീയ വരുമാനം 8,000 ഡോളറായിരുന്നത് 2024-ൽ 5,000 ഡോളറായി കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോഴത്തെ യുദ്ധസാഹചര്യം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. നിലവിലെ സംഘർഷങ്ങൾ കാരണം ഇറാനിൽ പുതുതായി 4.1 മില്യൺ (41 ലക്ഷം) ആളുകൾ കൂടി കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെടുമെന്ന് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) മുന്നറിയിപ്പ് നൽകുന്നു.
ഈ കടുത്ത അനിശ്ചിതത്വത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പോരാടുന്നവരുമുണ്ട്. വിപണിയിൽ കച്ചവടം പകുതിയായി കുറഞ്ഞെങ്കിലും ഉൽപ്പാദനവും വിൽപ്പനയും പൂർണ്ണമായി നിർത്തിവെച്ചിട്ടില്ലെന്ന് ചെരുപ്പ് വ്യാപാരിയായ ഫർസാദ് മഷ്മൂൽ പറയുന്നു. “ഇത് യുദ്ധത്തിന്റെ അനന്തരഫലമാണ്, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല,” എന്നായിരുന്നു സഹ്ര എന്ന യുവതിയുടെ പ്രതികരണം. കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ വെടിനിർത്തൽ പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ തങ്ങൾ വീണ്ടും തിരിച്ചടിക്കുമെന്ന് ടെഹ്റാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











