
ടെഹ്‌റാൻ: ഇറാന് മേൽ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. വാഷിംഗ്ടൺ പ്രഖ്യാപിച്ച ഇക്കണോമിക് ഡി-ഡേ ഉപരോധ നീക്കങ്ങൾ പരാജയപ്പെടാൻ വിധിപ്പെട്ടതാണെന്നും, അമേരിക്കയുടെ പഴയ ഗുണ്ടായിസത്തിന്‍റെയും ഭീഷണികളുടെയും തുടർച്ച മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന് എതിരായ അമേരിക്കയുടെ മുൻകാല ഉപരോധ നടപടികൾ ഓർമ്മിപ്പിച്ചുകൊണ്ട് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം പരിഹസിച്ചത്. “14 വർഷങ്ങൾക്ക് മുൻപ്: ‘ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങൾ’ — പരാജയപ്പെട്ടു. 8 വർഷങ്ങൾക്ക് മുൻപ്: ‘പരമാവധി സമ്മർദ്ദം’ പരാജയപ്പെട്ടു. 5 മാസങ്ങൾക്ക് മുൻപ്: ‘നിരുപാധികമായ കീഴടങ്ങൽ’ — പരാജയപ്പെട്ടു. ഇന്ന്: ‘ചരിത്രത്തിലെ ഏറ്റവും ക്രൂരമായ സാമ്പത്തിക നീക്കം’ — ഇതിന്റെ വിധിയും പരാജയം മാത്രമായിരിക്കും. വ്യത്യസ്തരായ ഭീഷണിപ്പെടുത്തലുകാർ വീണ്ടും അഭിനയിക്കുന്ന അതേ പഴയ സിനിമയാണിത്.” – അദ്ദേഹം കുറിച്ചു.
വാഷിംഗ്ടൺ വീണ്ടും സൈനിക ഭീഷണികളും ആക്രമണ മുന്നറിയിപ്പുകളും ഉയർത്തുന്നത് അവരുടെ നിരാശയുടെയും പുതിയ പരിഹാരങ്ങളൊന്നുമില്ലാത്തതിന്റെയും തെളിവാണ്. അമേരിക്ക സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും വൻതോതിലുള്ള കടബാധ്യതകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതെന്ന് Kayhan International-ൽ അരാഗ്ചി കുറ്റപ്പെടുത്തി. എത്രത്തോളം ഉപരോധങ്ങൾ ഏർപ്പെടുത്തിയാലും ഇറാൻ ജനത തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും നിലപാടുകളും പണയം വെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














