സമാധാന ധാരണയ്ക്ക് പരമോന്നത നേതാവിന്‍റെ അനുമതി ഉണ്ടായിരുന്നു എന്ന് ഇറാൻ പ്രസിഡന്‍റ്; ആഭ്യന്തര വിമർശനങ്ങൾക്കെതിരെ പ്രതികരണം

ടെഹ്റാൻ: ആഭ്യന്തര വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. പുറത്തുനിന്ന് കാഴ്ചക്കാരായി നിന്ന് അഭിപ്രായം പറയുന്നത് എളുപ്പമാണെന്നും വിമർശിക്കുന്നവർ മുന്നോട്ടുവന്ന് രാജ്യത്തെ സഹായിക്കണമെന്നും പെസഷ്കിയാൻ പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ധാരണ തകർന്നതുമായി ബന്ധപ്പെട്ട് ഇറാനിൽ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്‍റിന്‍റെ പ്രതികരണം. സമാധാന ധാരണയ്ക്ക് പരമോന്നത നേതാവിന്റെ അനുമതി ഉണ്ടായിരുന്നുവെന്നും പെസഷ്കിയാൻ വ്യക്തമാക്കി. നേരത്തെ സമാധാന നീക്കങ്ങൾക്ക് ഇറാനിലെ തീവ്രനിലപാടുള്ള വിഭാഗങ്ങളിൽനിന്ന് തുടർച്ചയായി എതിർപ്പ് നേരിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തിന് നയതന്ത്ര പരിഹാരത്തിനുള്ള സാധ്യതകൾ വീണ്ടും തെളിയുന്നതായാണ് റിപ്പോർട്ടുകൾ. ചർച്ചകൾക്കായി പാകിസ്ഥാൻ സേനാ മേധാവി ഇറാനിലെത്തുമെന്നാണ് വിവരം. സന്ദർശനം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, അമേരിക്കൻ ഭരണകൂടം ഇറാനെതിരെ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധങ്ങൾ പൂർണമായി പരാജയപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി പറഞ്ഞു. യുഎസ് സമ്മർദത്തിന് വഴങ്ങാൻ ഇറാൻ തയ്യാറല്ലെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും നിലവിലെ നിലപാടിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾ വെറുംവാക്കുകൾ മാത്രമാണെന്നും ലോകം അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റെസായി പരിഹസിച്ചു. വാഷിങ്ടൺ തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിലെ അയൽരാജ്യങ്ങൾ എണ്ണ കയറ്റുമതിക്കായി ബദൽ മാർഗങ്ങൾ തേടുന്നുണ്ടെങ്കിലും, ഇറാൻ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുമെന്നും പുതിയ പ്രതിരോധ ശേഷികൾ പുറത്തെടുക്കുമെന്നും റെസായി പറഞ്ഞു.

ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്ന നടപടികൾ ആഗോളതലത്തിൽ കൂടുതൽ രാജ്യങ്ങളെ ആണവായുധ ശേഷി കൈവരിക്കാൻ പ്രേരിപ്പിക്കുകയാണെന്നും റെസായി ആരോപിച്ചു. ആണവായുധ നിർവ്യാപന കരാറായ എൻപിടിയിൽ അംഗമായ രാജ്യത്തിന് പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന ധാരണ ശക്തമായതോടെയാണ് ഇത്തരം പ്രവണതകൾ വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലനിൽക്കുമ്പോഴും ഒരു രാജ്യത്തിന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും റെസായി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide