ഇറാന്‍റെ എണ്ണ കയറ്റുമതി തടസപ്പെടുത്തിയാൽ…; കടുത്ത മുന്നറിയിപ്പ്, മേഖലയിലെ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഭീഷണി

ടെഹ്റാൻ: വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ പൂർണ്ണമായും തകർന്നതായും പശ്ചിമേഷ്യ വീണ്ടുമൊരു വൻ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും ഇറാനിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിലെ വിദഗ്ദ്ധൻ അലി അക്ബർ ദാരേനി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ സൈനിക ലംഘനങ്ങൾ മേഖലയെ ഒരു വലിയ പോരാട്ടത്തിലേക്ക് തള്ളിവിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. നിലവിൽ വെടിനിർത്തൽ നിലനിൽക്കുന്നില്ലെന്നും, ഇരുപക്ഷവും തമ്മിൽ ഇപ്പോൾത്തന്നെ കുറഞ്ഞ തോതിലുള്ള യുദ്ധം ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിസന്ധി പരിഹരിക്കുന്നതിനായി മൂന്ന് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ലാറക് ദ്വീപിന് വടക്കുഭാഗത്തുകൂടിയും, പുറത്തേക്ക് പോകുന്നവ തെക്കുഭാഗത്തുകൂടിയും ഇറാൻ നിശ്ചയിച്ച പ്രത്യേക പാതയിലൂടെ മാത്രം സഞ്ചരിക്കണം എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. ഇറാൻ നൽകുന്ന സേവനങ്ങൾക്ക് കപ്പലുകൾ കൃത്യമായി ഫീസ് നൽകണമെന്നതാണ് രണ്ടാമത്തെ ആവശ്യം. കൂടാതെ, ഇറാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ഇറാനെതിരെ യുദ്ധം ചെയ്യാൻ ഉപയോഗിക്കുന്നതോ ആയ ഒരു ചരക്കും കപ്പലുകളിൽ കൊണ്ടുപോകാൻ പാടില്ലെന്ന കർശന നിർദ്ദേശവും ഇറാൻ മുന്നോട്ടുവെക്കുന്നുണ്ട്.

ഈ നിബന്ധനകൾ പാലിച്ചുകൊണ്ട് പ്രതിദിനം ഇരുപതിലധികം കപ്പലുകൾ ഈ മേഖലയിലൂടെ കടന്നുപോകാൻ ഇറാൻ അനുവദിക്കുന്നുണ്ടെങ്കിലും, ഈ സംവിധാനം അട്ടിമറിക്കാൻ അമേരിക്ക മനഃപൂർവ്വം ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തിന് കാരണം. അമേരിക്കൻ നിയമലംഘനങ്ങൾ അംഗീകരിക്കുന്നതിനേക്കാൾ, വരാനിരിക്കുന്ന യുദ്ധത്തെ ഭയപ്പെടാതെ ശക്തമായി തിരിച്ചടിക്കാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്. ഇറാന്റെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തിയാൽ, ഈ മേഖലയിലെ മറ്റൊരു രാജ്യത്തെയും എണ്ണ കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പോടെ ഇറാൻ തങ്ങളുടെ ചുവപ്പുരേഖ പരസ്യമാക്കിയിരിക്കുകയാണ്.

More Stories from this section

family-dental
witywide