ഇന്ത്യ ദീപാവലി ആഘോഷിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആശംസകളുമായി ലോകനേതാക്കളും നയതന്ത്ര പ്രതിനിധികളും. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെ ഓർമിപ്പിക്കുന്ന ഉത്സവം സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്നതാണെന്ന് നേതാക്കൾ പ്രതികരിച്ചു.
യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നു. ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
മുൻ യുഎസ് ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡും ആശംസകൾ അറിയിച്ചു. ദൈവസ്നേഹത്തിന് ജീവിതത്തിലെ ഇരുട്ട് നീക്കി വെളിച്ചവും സമാധാനവും സന്തോഷവും പകരാൻ കഴിയുമെന്ന സന്ദേശമാണ് ദീപാവലി നൽകുന്നതെന്ന് അവർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ ദീപം തെളിയിച്ച് ആഘോഷങ്ങളിൽ പങ്കുചേർന്നു. ഇന്ത്യയുടെ യുഎസ് അംബാസഡർ വിനയ് മോഹൻ ക്വാത്ര, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ, പാചകവിദഗ്ധൻ വികാസ് ഖന്ന, ഐബിഎം മേധാവി അരവിന്ദ് കൃഷ്ണ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും അജ്ഞതയ്ക്കുമേൽ അറിവിന്റെയും വിജയത്തിന്റെ പ്രതീകമാണ് ദീപാവലിയെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. വിദ്വേഷത്തിനു പകരം സ്നേഹവും ഭിന്നതയ്ക്കു പകരം സഹവർത്തിത്വവും അനീതിക്കു പകരം നീതിയും തിരഞ്ഞെടുക്കുന്ന മികച്ച സമൂഹം കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ ഹിന്ദു സമൂഹത്തിനും ലോകമെമ്പാടുമുള്ള ഹിന്ദുക്കൾക്കും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ആശംസകൾ നേർന്നു. പാകിസ്ഥാന്റെ സാമൂഹിക ഘടനയുടെ അവിഭാജ്യ ഘടകമാണ് ഹിന്ദു സമൂഹമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിനും അസഹിഷ്ണുതയ്ക്കും നിരാശയ്ക്കുമേൽ വെളിച്ചത്തിന്റെ വിജയമാണ് ദീപാവലി പ്രതിനിധീകരിക്കുന്നതെന്നും മതസൗഹാർദവും സഹിഷ്ണുതയും ശക്തിപ്പെടുത്തണമെന്നും ഷരീഫ് എക്സിൽ കുറിച്ചു. രാജ്യത്തിന്റെ മത-സാംസ്കാരിക വൈവിധ്യം വിലമതിക്കാനാകാത്ത സമ്പത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയും ആശംസകൾ അറിയിച്ചു. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെ വിജയമെന്ന സന്ദേശം ഇന്ത്യയുടെയും ഇറാന്റെയും പുരാതന പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും സാംസ്കാരിക ബന്ധവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുഎസുമായുള്ള യുദ്ധത്തിൽ ഇറാൻ പ്രകടിപ്പിച്ച ചെറുത്തുനിൽപ്പും പരാമർശിച്ചു.
ദക്ഷിണ കൊറിയൻ എംബസി ദീപാവലിയോടനുബന്ധിച്ച് ദീപാലങ്കാര ശിൽപശാല സംഘടിപ്പിച്ചു. ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ജീൻ എറിക് പാക്കെയും തന്റെ ആദ്യ ദീപാവലി ആഘോഷത്തെ മനോഹരമായ അനുഭവമെന്ന് വിശേഷിപ്പിച്ചു. ഇന്ത്യയിലെ പാരമ്പര്യങ്ങളും ആഘോഷങ്ങളും പങ്കുവെച്ചതിന് ഇന്ത്യൻ സഹപ്രവർത്തകരോട് നന്ദിയുണ്ടെന്ന് ജർമൻ അംബാസഡർ ജാസ്പർ വീക്കും പറഞ്ഞു. ശനിയാഴ്ച ജർമൻ എംബസിയിൽ നടന്ന ആഘോഷത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
US, Iran, Pakistan, UAE and more: World leaders extend Diwali wishes, call for peace and prosperity














