ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സംയുക്താക്രമണം പൂർണമായി അവസാനിക്കുകയും ശാശ്വതമായ സമാധാനം കൈവരിക്കുകയും ചെയ്യുന്നതുവരെ ഹോർമുസ് കടലിടുക്കിൽ കർശനമായ നിരീക്ഷണവും നിയന്ത്രണവും തുടരുമെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷ കൗൺസിൽ. നാവിക ഉപരോധം പോലുള്ള നടപടികൾ വെടിനിർത്തൽ ലംഘനമായി കണക്കാക്കുകയും പരിമിതമായ തുറന്നുകൊടുക്കൽ പോലും തടയുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോർമുസ് തുറക്കുകയും യുഎസ് നാവിക ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് 24 മണിക്കൂറിനകം ഹോർമുസ് ഇറാൻ അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
അമേരിക്കയുടെ ചർച്ചകൾക്കുള്ള അഭ്യർത്ഥനകളെയും തുടർന്ന്, പാകിസ്താൻ വഴിയുള്ള മധ്യസ്ഥതയിലൂടെ, ഒരു കരട് ചട്ടക്കൂടിനെ അടിസ്ഥാനമാക്കി സംഘർഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ചർച്ചകൾക്ക് സമ്മതിച്ചതെന്നും പ്രസ്‌താവനയിൽ പറയുന്നു. ചർച്ചയിൽ പ്രധാന നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇറാൻ തള്ളിക്കളഞ്ഞ അധിക ആവശ്യങ്ങൾ ഉന്നയിച്ചതിനാലാണ് ചർച്ചകൾ പരാജയപ്പെട്ടതെന്നും ഇറാൻ വ്യക്താക്കി.
രണ്ടാംഘട്ട ചർച്ചയെ സൂചിപ്പിച്ച്, പാകിസ്‌താൻ വഴിയുള്ള മധ്യസ്ഥതയിലൂടെ പുതിയ നിർദ്ദേശങ്ങൾ അടുത്തിടെ ലഭിച്ചതായും അവ നിലവിൽ പരിശോധിച്ച് വരികയാണെന്നും പ്രസ്‌താവനയിൽ അറിയിച്ചു. എന്നാൽ, കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുകയോ നാവിക ഉപരോധം പോലുള്ള നടപടികൾ ഏർപ്പെടുത്തുകയോ ചെയ്യുന്നിടത്തോളം കാലം, അതിനെ വെടിനിർത്തൽ ലംഘനമായി കണക്കാക്കുമെന്നും ഹോർമുസ് അടച്ചിടുമെന്നും പ്രസ്‌താവനയിൽ ഇറാൻ വ്യക്തമാക്കി.
ഇറാനുമായി ‘വളരെ നല്ല സംഭാഷണങ്ങൾ നടക്കുന്നുണ്ട്’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇറാൻ ‘കുറച്ചുകൂടി സുന്ദരമായി പെരുമാറുന്നു’ എന്നും അദ്ദേഹം ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇറാൻ വീണ്ടും ഹോർമുസ് അടച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘അവർക്ക് ഞങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ കഴിയില്ല’ എന്നും ട്രംപ് മറുപടി നൽകി.
Iran’s Supreme National Security Council says it will continue to monitor and control the Strait of Hormuz until the joint offensive is completely ended and lasting peace is achieved











