
വാഷിംഗ്ടൺ: ഇറാനിലെ തകർക്കപ്പെട്ട ആണവ കേന്ദ്രങ്ങളിൽ നിന്ന് സമ്പുഷ്ട യുറേനിയം വീണ്ടെടുക്കുന്നത് ദീർഘമേറിയതും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം അമേരിക്ക നടത്തിയ ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ ഇറാനിലെ ആണവ കേന്ദ്രങ്ങളെ പൂർണ്ണമായും തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു.
ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും തകർന്നടിഞ്ഞ നിലയിലായതിനാൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യുറേനിയം കുഴിച്ചെടുക്കുന്നത് എളുപ്പമാകില്ലെന്ന് ട്രംപ് പറഞ്ഞു. ഇതിനെ ‘ന്യൂക്ലിയർ ഡസ്റ്റ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ജൂണിൽ അമേരിക്ക നടത്തിയ വൻ സൈനിക നീക്കമാണിത്. 125 യുഎസ് യുദ്ധവിമാനങ്ങൾ ഒരേസമയം ഫോർഡോ, നടാൻസ്, ഇസ്ഫഹാൻ എന്നീ മൂന്ന് പ്രധാന ഇറാനിയൻ ആണവ നിലയങ്ങളെ ആക്രമിച്ച് തകർത്തിരുന്നു. ഇറാനിലെ ആണവ സമ്പുഷ്ടീകരണം തടയുന്നതിനുള്ള രാജ്യാന്തര ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന പുറത്തുവരുന്നത്.
അതിനിടെ, തൻ്റെ പോസ്റ്റിൽ അമേരിക്കൻ സൈനികരുടെ വീര്യത്തെ മാധ്യമങ്ങൾ കുറച്ചുകാണിക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ അഴിമതി നിറഞ്ഞതാണെന്നും നമ്മുടെ പൈലറ്റുമാർക്ക് അർഹമായ അംഗീകാരം നൽകുന്നില്ലെന്നും പറഞ്ഞായിരുന്നു ട്രംപിൻ്റെ കുറ്റപ്പെടുത്തൽ.
Iran’s uranium enrichment process stalled; Trump says damaged nuclear plants pose major challenge












