ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെ പുതിയ വിവാദം പുകയുന്നു. വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹാദിൽ യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ഫോട്ടോകൾക്കിടയിൽ മൊജ്താബയുടെ ചിത്രവും ഉൾപ്പെട്ടതാണ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്. ഐആർജിസി (IRGC) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഈ ചിത്രം അനാവരണം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പമാണ് ഇപ്പോൾ മൊജ്താബയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വ്യോമാക്രമണത്തിൽ മൊജ്താബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും അദ്ദേഹത്തിന് ഭരണനിർവ്വഹണം സാധ്യമായേക്കില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിൽ മൊജ്താബയെയും ഉൾപ്പെടുത്തിയത് അദ്ദേഹം മരണപ്പെട്ടോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നു.
അതേസമയം, നിലവിലെ പരമോന്നത നേതാവ് എന്ന ബഹുമാനസൂചകമായിട്ടാകാം ചിത്രം അവിടെ പ്രദർശിപ്പിച്ചതെന്ന് ഒരുകൂട്ടം ആളുകൾ വാദിക്കുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ഒരുക്കിയ വേദിയിൽ ഈ ചിത്രം വന്നത് യാദൃച്ഛികമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇറാൻ ഭരണകൂടം ഇതുവരെ മൊജ്താബയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഭരണതലപ്പത്തുണ്ടായേക്കാവുന്ന മാറ്റങ്ങൾ അതീവ രഹസ്യമായാണ് ഇറാൻ കൈകാര്യം ചെയ്യുന്നത്.
Is Iran’s Supreme Leader dead? Mojtaba Khamenei’s photo appears among martyrs of US-Israel strikes












