അമേരിക്ക ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സൂചന നൽകിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്റെ സഹായത്തോടെ ആക്രമണം നടത്തുന്നതിനുള്ള അതിതീവ്രമായ പരിശ്രമങ്ങളും മുന്നൊരുക്കങ്ങളും തങ്ങള്‍ നടത്തുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ട് ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചു.
അതേസമയം, വേണ്ടി വന്നാല്‍ രൂക്ഷമായ ആക്രമണം നടത്താനുള്ള പദ്ധതിയെല്ലാം തങ്ങളുടെ പക്കലുണ്ടെന്ന് ചൊവ്വാഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തും മാധ്യമങ്ങളോട് പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. വെടിനിര്‍ത്തല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധം രൂക്ഷമാകുമോ എന്ന ആശങ്ക ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ലോകത്തിലാകെ ഉണ്ടാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ സമാധാന നിര്‍ദേശം അസ്വീകാര്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ബെയ്ജിംഗില്‍ നിന്ന് മടങ്ങുന്നതിനിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം.
നിര്‍ദേശം പരിശോധിച്ചെന്നും അതിലെ ആദ്യവരി തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് വലിച്ചെറിയുമെന്നും ട്രംപ് പറഞ്ഞു. ബുദ്ധിയുള്ള മനുഷ്യരാണങ്കില്‍ അവര്‍ കരാറിന് സമ്മതിച്ചേനെയെന്നും ഇറാനെ നയിക്കുന്നത് ഭ്രാന്തന്മാരാകാമെന്നും ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. അമേരിക്ക ആക്രമണം പുനരാരംഭിക്കുയാണെങ്കില്‍ യുറാനിയം സമ്പുഷ്ടീകരണം 90 ശതമാനമാക്കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷാ വക്താവ് ഇബ്രാഹിം റാസി പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലുണ്ട്.
Is the US conducting airstrikes in Iran again? New York Times publishes official revelations












