ഇറാന് നേട്ടം, ഒമാൻ തീരം ഉപേക്ഷിച്ച് കപ്പൽ കമ്പനികൾ; 22 കപ്പലുകളിൽ ഒരേ ഒരെണ്ണം മാത്രം ഒമാൻ പാത ഉപയോഗിച്ചു; കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിൽ

ദുബായ്: തന്ത്രപ്രധാനമായ ഹോർമുസ് ഇടുക്കിൽ വിതറിയിരിക്കുന്ന മൈനുകളും സുരക്ഷാഭീഷണിയും കാരണം രാജ്യാന്തര കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിൽ. നിലവിലെ സാഹചര്യത്തിൽ ഹോർമുസ് ഇടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ രണ്ട് വഴികളാണുള്ളത്. ഒമാന്റെ വടക്കൻ തീരത്തോട് ചേർന്ന് പോവുക, അല്ലെങ്കിൽ ഇറാന്റെ അധീനതയിലുള്ള പ്രത്യേക കപ്പൽപ്പാത ഉപയോഗിക്കുക. നിലവിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെങ്കിലും പൂർണ്ണമായും സുരക്ഷിതമല്ല.

എന്നാൽ, അന്താരാഷ്ട്ര കപ്പലുകൾ തങ്ങളുടെ പാത തന്നെ ഉപയോഗിക്കണമെന്ന കർശന നിലപാടിലാണ് ഇറാൻ. ഒമാൻ തീരത്തുകൂടി സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ഈ ആഴ്ച നടത്തിയ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളാണ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സൈനിക സംഘർഷങ്ങൾക്ക് വഴിവെച്ചത്. ഇറാന്റെ ഭാഗത്തുനിന്നുള്ള കടുത്ത ഭീഷണിയെ തുടർന്ന് പ്രമുഖ ആഗോള കപ്പൽ കമ്പനികളെല്ലാം തൽക്കാലം ഇറാന്റെ കപ്പൽപ്പാത ഉപയോഗിക്കാൻ നിർബന്ധിതരായിരിക്കുകയാണ്.

ഉപഗ്രഹ വിവരങ്ങളും കപ്പലുകളിലെ ട്രാൻസ്പോണ്ടർ ഡാറ്റയും വിശകലനം ചെയ്യുന്ന അന്താരാഷ്ട്ര നിരീക്ഷണ ഏജൻസിയായ ‘കെപ്ലർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ദിവസം ഹോർമുസ് ഇടുക്കിലൂടെ കടന്നുപോയ 22 കപ്പലുകളിൽ ഒരേ ഒരെണ്ണം മാത്രമാണ് ഒമാൻ പാത ഉപയോഗിച്ചത്. ബാക്കി 21 കപ്പലുകളും ഇറാന്റെ നിർദ്ദേശങ്ങൾക്ക് വഴങ്ങി അവരുടെ പാതയിലൂടെയാണ് സർവീസ് നടത്തിയത്.

More Stories from this section

family-dental
witywide