
വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്തിയേക്കാവുന്ന നിർണായകമായ 14 ഇന സമാധാന കരാർ അമേരിക്ക ഇറാനു മുന്നിൽ വെച്ചു. യുഎസ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തങ്ങൾ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച ഇതിന് മറുപടി നൽകുമെന്നാണ് വിവരം.
പാകിസ്ഥാൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ വിജയകരമായാൽ മേഖലയിൽ ഉടൻ സ്ഥിരം സമാധാനം കൈവരും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറാനുമായി വളരെ മികച്ച ചർച്ചകൾ നടന്നതായും ഉടൻ തന്നെ ഒരു കരാറിലെത്താൻ സാധിക്കുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. “ഇറാൻ ഒരു കരാറിന് ആഗ്രഹിക്കുന്നു, ചർച്ചകളിൽ നമ്മൾ വിജയിച്ചു കഴിഞ്ഞു,” എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ. അമേരിക്കൻ വാർത്താ ഏജൻസിയായ ആക്സിയോസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം 14 പോയിന്റുകളുള്ള ഒരു ധാരണാപത്രമാണ് ചർച്ചകളുടെ അടിസ്ഥാനം. ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തിവെക്കണം, പകരമായി ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങൾ അമേരിക്ക പിൻവലിക്കും എന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. കൂടാതെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമായി പുനഃസ്ഥാപിക്കാനും നിർദേശമുണ്ട്.
അതേസമയം, ചർച്ചകൾ നടക്കുമ്പോഴും കടുത്ത നിലപാടിലാണ് ഇറാൻ്റെ ചില ഭരണകൂട വൃത്തങ്ങൾ. അമേരിക്കയുടെ നിർദ്ദേശങ്ങളെ വെറുമൊരു “ആഗ്രഹപ്പട്ടിക” എന്ന് ഇറാൻ്റെ പാർലമെൻ്റ് വക്താവ് ഇബ്രാഹിം റെസായി പരിഹസിച്ചു. ആവശ്യമായ വിട്ടുവീഴ്ചകൾക്ക് അമേരിക്ക തയ്യാറായില്ലെങ്കിൽ കഠിനമായ തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഇറാൻ്റെ വിരലുകൾ തോക്കിൻ്റെ ട്രിഗറിലാണ്, ആവശ്യമായ വിട്ടുവീഴ്ചകൾക്ക് അമേരിക്ക തയ്യാറായില്ലെങ്കിൽ കഠിനമായ തിരിച്ചടി നൽകും,” അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്കയും ഇറാനും നേരിട്ട് ചർച്ചകൾ നടത്തുന്നതിന് പകരം പാകിസ്ഥാൻ വഴിയാണ് ആശയവിനിമയം നടത്തുന്നത്. നിലവിലെ താൽക്കാലിക വെടിനിർത്തലിനെ ഒരു സ്ഥിരമായ സമാധാന കരാറാക്കി മാറ്റാൻ തങ്ങൾ പരമാവധി ശ്രമിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഇറാനിലെ അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ അതിൻ്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കിയതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ കരാറിൽ ഒപ്പിടുകയാണെങ്കിൽ ഈ സൈനിക നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കാനാണ് അമേരിക്കയുടെ തീരുമാനം.
Is the war ending? Iran considering US peace proposal; Trump says optimistic















