80-ാം വയസ്സിൽ ട്രംപിനെ ‘വാർധക്യഭയം’ വേട്ടയാടുന്നോ? വൈറ്റ് ഹൗസിനെ പിടിച്ചുകുലുക്കി പുതിയ വിവാദം

വാഷിംഗ്ടൺ: ആഘോഷപ്പൊലിമയോടെ കടന്നുപോകേണ്ടിയിരുന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ 80-ാം ജന്മദിനം ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിൽ വൻ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ട്രംപിൻ്റെ പ്രായം, ഓർമ്മശക്തി, ശാരീരിക ക്ഷമത എന്നിവയെക്കുറിച്ച് അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത വൃത്തങ്ങൾക്കിടയിൽ തന്നെയുള്ള രഹസ്യ ആശങ്കകൾ പുറത്തുകൊണ്ടുവന്നുകൊണ്ട് ‘ദി ന്യൂയോർക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്.

തൻ്റെ മുൻഗാമി ജോ ബൈഡനെ ‘കിളവൻ’ എന്ന് വിളിച്ച് നിരന്തരം പരിഹസിച്ചിരുന്ന ട്രംപ്, ഇപ്പോൾ അമേരിക്കൻ ചരിത്രത്തിൽ വൈറ്റ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡൻ്റായി മാറിയിരിക്കുകയാണ്. എന്നാൽ, 80 വയസ്സ് തികഞ്ഞതോടെ ട്രംപിൻ്റെ പെരുമാറ്റത്തിൽ പ്രായത്തിൻ്റേതായ മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് അദ്ദേഹത്തിൻ്റെ കൂട്ടാളികൾ സ്വകാര്യമായി വെളിപ്പെടുത്തുന്നത്.

“ട്രംപിന് പ്രായമാകുന്നതിൽ പേടിയാണ്”: ടക്കർ കാൾസൻ്റെ ബോംബ്!

ട്രംപിൻ്റെ കടുത്ത അനുകൂലിയായിരുന്ന പ്രമുഖ കൺസർവേറ്റീവ് കമന്റേറ്റർ ടക്കർ കാൾസൺ അടുത്തിടെ ട്രംപിൽ നിന്നും അകലം പാലിച്ചിരുന്നു. ട്രംപ് പ്രായമാകുന്നതിനെക്കുറിച്ച് അതീവ ആശങ്കാകുലനാണെന്നാണ് കാൾസൺ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. “അദ്ദേഹത്തിന് പ്രായമേറുന്നത് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്നില്ല, അദ്ദേഹം അതിൽ വളരെ അസ്വസ്ഥനാണ്,” കാൾസൺ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രശസ്ത ഡോക്ടർ മെഹ്മെത് ഓസിന് 66-ാം ജന്മദിനാശംസകൾ നേരുന്നതിനിടയിൽ ട്രംപ് തന്നെ തൻ്റെ മനസ്സിലിരിപ്പ് പരസ്യമാക്കിയിരുന്നു. ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “എനിക്ക് നിങ്ങൾക്ക് ആശംസകൾ നേരണമെന്ന് ഉണ്ടായിരുന്നു. എന്നാൽ നിങ്ങൾ എനിക്ക് ജന്മദിനാശംസകൾ നേരേണ്ടതില്ല. കാരണം ഈ ജന്മദിനത്തിൽ ഞാൻ ഒട്ടും സന്തുഷ്ടനല്ല. ഞാൻ ഒരിക്കലും അത്ര ഗൗരവമായി ചിന്തിക്കാത്ത, എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു സംഖ്യയാണിത് . 80!.”

വാർത്തകളെ കൂടുതൽ ആകാംഷഭരിതമാക്കുന്നത് റിപ്പോർട്ടിലെ ഈ രണ്ട് പ്രധാന കണ്ടെത്തലുകളാണ്. അതിലൊന്ന് വൈറ്റ് ഹൗസിൽ 400 മില്യൺ ഡോളർ (ഏകദേശം 3300 കോടിയിലധികം രൂപ) ചെലവിട്ട് നിർമ്മിക്കുന്ന കൂറ്റൻ ബോൾറൂംമാണ്. ഇതിനെ “ഒരു വൃദ്ധനായ മനുഷ്യൻ മരണത്തിന് മുൻപ് തനിക്കായി പണിയുന്ന സ്മാരകം” എന്നാണ് ടക്കർ കാൾസൺ പരിഹസിച്ചത്.

രണ്ടാമത്തേത് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെൻ്ററിൽ ട്രംപ് നടത്തിയ ഏറ്റവും പുതിയ ശാരീരിക പരിശോധനയാണ്. ഇതിൻ്റെ വിവരങ്ങൾ ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ പുറത്തുവിട്ടിരുന്നു. സാധാരണയായി 14 ഡോക്ടർമാർ പങ്കെടുക്കുന്ന പരിശോധനയിൽ ഇത്തവണ പങ്കെടുത്തത് 22 മുൻനിര മെഡിക്കൽ വിദഗ്ധരാണ്! അമേരിക്കൻ പ്രസിഡൻ്റുമാരുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു മെഡിക്കൽ സംഘം ഒരു പ്രസിഡൻ്റിനെ പരിശോധിക്കുന്നത് ഇതാദ്യമാണ്. ഇത് ട്രംപിൻ്റെ ആരോഗ്യം മോശമാണെന്ന സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. കൂടാതെ, ട്രംപിൻ്റെ കൈകളിൽ കാണപ്പെടുന്ന കടും നീല/പർപ്പിൾ നിറത്തിലുള്ള പാടുകൾ വലിയ തോതിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ലോകനേതാക്കൾക്ക് നിരന്തരം കൈകൊടുക്കുന്നത് കൊണ്ടാണ് ഇതെന്നാണ് വൈറ്റ് ഹൗസിൻ്റെ ഔദ്യോഗിക വിശദീകരണമെങ്കിലും പലരും ഇത് വിശ്വസിച്ചിട്ടില്ല.

ആരോപണങ്ങളെ തള്ളി വൈറ്റ് ഹൗസ്

ട്രംപിൻ്റെ കഠിനാധ്വാനത്തെയും ഊർജ്ജസ്വലതയെയും അദ്ദേഹത്തിൻ്റെ ‘മാഗ’ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) അനുയായികൾ എപ്പോഴും പുകഴ്ത്താറുണ്ടെങ്കിലും പുതിയ റിപ്പോർട്ടുകൾ അവരെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാൽ വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ ഈ ആരോപണങ്ങളെയെല്ലാം ശക്തമായി നിഷേധിച്ചു. ട്രംപിൻ്റെ മാനസിക ക്ഷമതയും ഊർജ്ജവും മികച്ചതാണെന്നും, മുൻപ് ജോ ബൈഡൻ്റെ ഗുരുതരമായ മാനസിക-ശാരീരിക തകർച്ച മനഃപൂർവ്വം ഒളിച്ചുവെച്ച മാധ്യമങ്ങളാണ് ഇപ്പോൾ ട്രംപിനെ ലക്ഷ്യമിടുന്നതെന്നുമാണ് വൈറ്റ് ഹൗസിൻ്റെ മറുപടി.

Is Trump haunted by ‘age phobia’ at 80? New controversy shakes the White House

More Stories from this section

family-dental
witywide