ട്രംപിനെ ഞെട്ടിച്ച് നെതന്യാഹു, യുഎസ് നിലപാട് തള്ളി; ഇറാനെതിരെ വീണ്ടും ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാനെ സാമ്പത്തികമായി സമ്മർദത്തിലാക്കി കരാറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് തള്ളി ഇസ്രയേൽ വീണ്ടും ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ആവശ്യമെങ്കിൽ ആരെയും എതിർക്കുമെന്നും വ്യക്തമാക്കി.

ഇറാനെതിരായ ആക്രമണത്തിന്റെ തീവ്രത കുറച്ച് സാമ്പത്തിക സമ്മർദം ചെലുത്തി ടെഹ്‌റാനെ കരാറിന് നിർബന്ധിതമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയുടെ പൂർണ പിന്തുണ ഉറപ്പാകാതെ തന്നെ ഇറാനെതിരെ സൈനിക നടപടി തുടരാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായാണ് സൂചന. ഗാസയിലെ സമാധാന പദ്ധതിയിലും ട്രംപിന്റെ നിലപാടിനോട് നെതന്യാഹുവിന് വിയോജിപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേൽ ആക്രമണം തുടരുമെന്ന റിപ്പോർട്ടുകൾക്കിടെ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനെയി സുരക്ഷാ സംവിധാനത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി. ഉന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബാഗെർ സോൽഖാദിറിനെ സ്ഥാനത്തുനിന്ന് നീക്കി മൊജ്തബയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിച്ചു. ഐആർജിസി മുൻ കമാൻഡർ മൊഹ്സിൻ റസായിയെയാണ് പുതിയ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയായി നിയമിച്ചത്.

ഹോർമുസിൽ പുതിയ കപ്പൽപ്പാതയ്ക്ക് നീക്കം

ഇറാൻ മുന്നോട്ടുവച്ച ഉപാധികൾക്ക് അനുസരിച്ച് ഹോർമുസ് കടലിടുക്കിൽ പുതിയ കപ്പൽപ്പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടലിടുക്കിന്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പൊതുരൂപരേഖയ്ക്കും ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അംഗീകാരം നൽകി. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ അമേരിക്കയ്ക്കായി ആയുധ ഉൽപ്പാദനം വർധിപ്പിക്കാൻ പെന്റഗൺ നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ ആയുധശേഖരത്തിൽ വലിയ കുറവുണ്ടായെന്ന നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രസിഡന്റ് ട്രംപ് തള്ളിയിരുന്നു.

More Stories from this section

family-dental
witywide