ഇസ്രായേലിനെ ഞെട്ടിച്ച് ഇറ്റലി, രണ്ട് പതിറ്റാണ്ടിലധികം പഴക്കമുള്ള പ്രതിരോധ കരാർ മരവിപ്പിച്ചു; ലബനനിലെ ആക്രമണങ്ങളിൽ കടുത്ത അതൃപ്തി

റോം: ലബനനിൽ തുടരുന്ന യുദ്ധസാഹചര്യവും വർദ്ധിച്ചുവരുന്ന സാധാരണക്കാരുടെ മരണസംഖ്യയും കണക്കിലെടുത്ത് ഇസ്രായേലുമായുള്ള ദീർഘകാല പ്രതിരോധ സഹകരണ കരാർ ഇറ്റലി സസ്പെൻഡ് ചെയ്തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് ചൊവ്വാഴ്ച വെറോണയിൽ വെച്ച് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഇസ്രായേലുമായുള്ള പ്രതിരോധ കരാർ തനിയെ പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി മെലോണി വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിലധികം പഴക്കമുള്ള ഈ കരാറാണ് ഇപ്പോൾ ഇറ്റലി മരവിപ്പിച്ചിരിക്കുന്നത്.

2003-ൽ അന്നത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയും ഇസ്രായേലും തമ്മിൽ ഒപ്പിട്ട ഈ ധാരണാപത്രം 2006 മുതലാണ് നിലവിൽ വന്നത്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും തനിയെ പുതുക്കപ്പെടുന്ന രീതിയിലായിരുന്നു ഈ കരാറിന്റെ ഘടന. എന്നാൽ ലബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ രണ്ടായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന ലബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇറ്റലി തങ്ങളുടെ നിലപാട് കടുപ്പിക്കുകയായിരുന്നു. ഗാസ യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മെലോണി സർക്കാർ, ലബനനിലെ ആക്രമണങ്ങളെത്തുടർന്ന് കടുത്ത വിമർശനമാണ് ഇപ്പോൾ ഉന്നയിക്കുന്നത്.

അതേസമയം, ഇറ്റലിയുടെ ഈ നീക്കത്തെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം നിസ്സാരവൽക്കരിച്ചു. ഇറ്റലിയുമായി തങ്ങൾക്ക് സുരക്ഷാ കരാറുകളൊന്നുമില്ലെന്നും വർഷങ്ങളായി നിലവിലുള്ള ധാരണാപത്രത്തിന് പ്രായോഗികമായ വലിയ പ്രാധാന്യമില്ലെന്നുമാണ് ഇസ്രായേൽ പ്രതികരിച്ചത്. ഇറ്റലിയുടെ ഈ തീരുമാനം ഇസ്രായേലിന്റെ സുരക്ഷയെ ഒട്ടും ബാധിക്കില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എങ്കിലും, യൂറോപ്പിലെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊരാൾ കൈക്കൊണ്ട ഈ നടപടി ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

More Stories from this section

family-dental
witywide